KeralaNews

'ആ അഴുക്കിന്റെ അഹങ്കാരത്തിൽ മോഹൻലാലിനും എമ്പുരാനും നേരെ ചാടേണ്ട, തൊട്രാ പാക്കലാം' -രാഹുൽ

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനും പുതിയ ചിത്രം എമ്പുരാനും പിന്തുണയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സംഘപരിവാറിന്റെ വിദ്വേഷ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പേണ്ടെന്ന് രാഹുല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡിന് കോട്ടം വരുത്താനുള്ള കെല്‍പ്പൊന്നും ബജ്‌രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ലെന്നും രാഹുല്‍ കുറിച്ചു. ബജ്‌രംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് അഭിവാദ്യങ്ങള്‍ നേരുന്നുവെന്നും രാഹുല്‍ പരിഹസിച്ചു.

‘സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്.’ -രാഹുല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എമ്പുരാന്‍ റിലീസ് ദിവസം തന്നെ കണ്ടുവെന്നും മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാനെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്ന സിനിമയാണ് എമ്പുരാനെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇന്നലെ തന്നെ എമ്പുരാൻ കണ്ടിരുന്നു.KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോൾ മലയാളി കൊട്ടും കുരവയുമായി ആർത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ലും അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എംബുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാൻ ഇന്ത്യൻ സിനിമ തന്നെയാണ് എമ്പുരാൻ. മോഹൻലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കൾ വരെ തകർത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവർക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാൽ സിനിമയിൽ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ മോഹൻലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ൻ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവർ തന്നെയാണ് എംമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്.

ബജറംഗിയെന്ന് പറഞ്ഞപ്പോൾ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങൾ. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ .എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് നേർക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകൾ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലർത്തി ഈ നടനെ വിശേഷിപ്പിക്കുന്നത്

കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകർന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാൻഡുകളിൽ ഒന്നാണ് മോഹൻലാൽ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്പ്പൊന്നും ബജ്രംഗികൾക്ക്‌ വാളയാർ അതിർത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബർമതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതിൽ നിങ്ങൾ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തിൽ മോഹൻലാലിനും സിനിമക്കും നേരെ ചാടണ്ടഅത് കൊണ്ട് വിട്ടു പിടി ,മോനെ അപ്പച്ചട്ടിയിൽ അരി വറക്കരുതെ….തൊട്രാ പാക്കലാം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker