ഡല്‍ഹി: ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ മോദി 3.0 സര്‍ക്കാരിന് അധികാരം നിലനിര്‍ത്തുക ദുഷ്‌ക്കരമായിരിക്കുമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഭൂരിപക്ഷം വളരെ നേര്‍ത്തത് ആയതുകൊണ്ട് തന്നെ ചെറിയ അസ്വസ്ഥതകള്‍ പോലും സര്‍ക്കാര്‍ നിലംപതിക്കാന്‍ കാരണമായേക്കാം, രാഹുല്‍ ഗാന്ധി പറഞ്ഞു.
യുകെയിലെ ഫൈനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. മോദി ക്യാമ്പില്‍ അസംതൃപ്തരുണ്ടെന്നും അതിനാല്‍ കൊഴിഞ്ഞുപോക്കിന് സാധ്യത ഉണ്ടെന്നും രാഹുല്‍ ഗാന്ധി സൂചിപ്പിച്ചു. സര്‍ക്കാരിനുളളില്‍ തന്നെ ചിലര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്, രാഹുല്‍ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 മേലെ സീറ്റുകള്‍ ലക്ഷ്യമിട്ട എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കഴിഞ്ഞ രണ്ട് വട്ടവും തനിച്ച് കേവല ഭൂരിപക്ഷം നേടിയ ബിജെപിക്ക് ഇക്കുറി 543ല്‍ 240 സീറ്റുകള്‍ നേടാനേ സാധിച്ചുളളൂ. സഖ്യകക്ഷികളുടെ സഹായത്തോടെ 293 സീറ്റുകളുമായാണ് മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയ ഇന്ത്യസഖ്യം 234 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് തനിച്ച് 99 സീറ്റുകള്‍ ലഭിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനമായിരുന്നു ഇത്തവണത്തേത്.
ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിന് എതിരായ ജനവിധി ആയിരുന്നു ഇത്തവണത്തേത് എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്ക് വെറുപ്പും ദേഷ്യവും പരത്താമെന്നും അതിലൂടെ നേട്ടങ്ങള്‍ കൊയ്യാം എന്നുമുളള ധാരണയെ ഈ തിരഞ്ഞെടുപ്പില്‍ ജനം തള്ളിക്കളഞ്ഞു, രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുസ്ലീം സമുദായത്തിന് എതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.