NationalNews

ഹിന്ദുത്വം വിദ്വേഷം പ്രചരിപ്പിക്കുന്നില്ല; പാര്‍ലമെന്റില്‍ ശിവന്റെ ചിത്രമുയര്‍ത്തി രാഹുല്‍ ഗാന്ധി, രാഹുലിനെതിരെ മോദി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്. എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ കടന്നാക്രമിച്ചു. ധൈര്യത്തെക്കുറിച്ചാണ് എല്ലാമതത്തിലും പരാമര്‍ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു.

എന്നാല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത് സ്പീക്കര്‍ ഓം ബിര്‍ള എതിര്‍ത്തു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നത് റൂള്‍സിന് എതിരാണെന്ന് സ്പീക്കര്‍ പറഞ്ഞു.ഭരണഘടനക്കെതിരെ നിരന്തരം ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി.

‘ഇന്ത്യ, ഭരണഘടന, ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ചെറുത്തുനില്‍ക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നിട്ടുണ്ട്. ഞങ്ങളില്‍ പലരും ആക്രമിക്കപ്പെട്ടു. ചില നേതാക്കള്‍ ഇപ്പോഴും ജയിലിലാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തെ എതിര്‍ത്തവരും ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെട്ടു. രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ ഞാനും ആക്രമിക്കപ്പെട്ടു. അതില്‍ ഏറ്റവും ആസ്വാദ്യകരമായത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ 55 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ആയിരുന്നുവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

അതേസമയം രാഹുല്‍ ഗാന്ധി രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളെയും അപമാനിച്ചെന്നും ഹിന്ദുക്കള്‍ അക്രമകാരികളാണെന്ന് പരാമര്‍ശം ഗുരുതരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button