ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവും. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് ബിസിസിഐയെ സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പരിശീലക സ്ഥാനത്തേക്ക് എത്തണം എന്ന ബിസിസിഐ ആവശ്യം ദ്രാവിഡ് നിരസിച്ചിരുന്നു. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ട്രഷറര്‍ അരുണ്‍ ധുമാല്‍ എന്നിവര്‍ വീണ്ടും ദ്രാവിഡിന് മുന്‍പിലേക്ക് ഓഫര്‍ വെച്ചു.
കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍, മക്കളുടെ പഠിത്തം, ഇന്ത്യയുടെ ഡൊമസ്റ്റിക് ലെവലില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നെല്ലാമാണ് പരിശീലക സ്ഥാനത്ത് നിന്നും വിട്ടുനില്‍ക്കുന്നതിന് കാരണമായി ദ്രാവിഡ് പറഞ്ഞത്. എന്നാല്‍ ബിസിസിഐ പിന്മാറാന്‍ തയ്യാറായില്ല.
ട്വന്റി20 ലോകകപ്പോടെ രവി ശാസ്ത്രി സ്ഥാനം ഒഴിയും. 2021 നവംബര്‍ മുതലായിരിക്കും രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ആരംഭികക്കുക. രണ്ട് വര്‍ഷത്തെ കരാര്‍ ആണ് ബിസിസിഐയുമായി ദ്രാവിഡ് ഒപ്പുവയ്ക്കുക. ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനേയും ബിസിസിഐ സമീപിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂസിലാന്‍ഡിന് എതിരായ പരമ്പര മുതല്‍ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് തുടരും. പരസ് മാംബ്രെ ആണ് ഇന്ത്യയുടെ പുതിയ ബൗളിങ് കോച്ച്. രവി ശാസ്ത്രിക്കൊപ്പം ബൗളിങ് കോച്ച് ഭാരത് അരുണിന്റെ കരാറും അവസാനിക്കും.