കോഴിക്കോട്: സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കുടുംബം പരാതിയില്‍ വ്യക്തമാക്കി. അര്‍ജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭര്‍ത്താവ് ജിതിന്‍ എന്നിവര്‍ കമ്മീഷണര്‍ ഒഫീസില്‍ എത്തിയാണ് പരാതി നല്‍കിയത്.
നേരത്തെ ലോറിയുടമ മനാഫ് തങ്ങളുടെ കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്ന് അര്‍ജുന്റെ കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും കുടുംബാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അര്‍ജുന്റെ കുടുംബത്തിന് എന്തെങ്കിലും മോശമായി തോന്നിയെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ആരും അവരെ ടാര്‍ഗറ്റ് ചെയ്യരുതെന്നും ലോറി ഉടമ മനാഫ്. അര്‍ജുനെ കണ്ടെത്തണമെന്ന ആവശ്യം നിരന്തരം ഓര്‍മിപ്പിച്ചതുകൊണ്ടാണ് തിരച്ചില്‍ മൂന്നാം ഘട്ടംവരെ എത്തിയത്. മറക്കാന്‍ എളുപ്പമാണെന്നും താന്‍ ആളുകളെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയായിരുന്നുവെന്നും അതിനുള്ള മാധ്യമം മാത്രമായിരുന്നു യൂട്യൂബ് ചാനലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നും അര്‍ജുന്റെ കുടുംബത്തിനൊപ്പമാണെന്നും വിവാദങ്ങള്‍ ഇന്നത്തോടെ അവസാനിപ്പിക്കമെന്നും മനാഫ് ആവശ്യപ്പെട്ടു.
യൂട്യൂബ് അക്കൗണ്ടിന്റെ പേര് ‘ലേറി ഉടമ മനാഫ്’ എന്ന് നൽകിയത് തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. ചാനലിൽ നിന്ന് അർജുന്റെ ഫോട്ടോ നീക്കംചെയ്തു. എല്ലാ കാര്യങ്ങളും എപ്പോഴും ചർച്ച ചെയ്യാൻ സാധിക്കണമെന്നില്ല. അര്‍ജുന്റെ കുടുംബവും പലതും തന്നോട് ചര്‍ച്ച ചെയ്തിട്ടില്ല. നിസാരപ്രശ്‌നങ്ങള്‍ വിവാദമാക്കി പ്രവര്‍ത്തിയുടെ മഹിമ നശിപ്പിക്കരുതെന്നും മനാഫ് പറഞ്ഞു.
‘താനും മാൽപേയും നാടകം കളിച്ചോ എന്ന കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. 72 ദിവസം 72 വർഷത്തെ പ്രയത്നത്തിന് സമാനമായിരുന്നു. ആ സമയത്ത് ആരാണെങ്കിലും വൈകാരികമായി പെരുമാറും. അത് ചിലർക്ക് നാടകമായി തോന്നും. അതിലൊന്നും കാര്യമില്ല. പലരും പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആരിൽ നിന്നും പണം സ്വീകരിച്ചിട്ടില്ല.നിയമനടപടികള്‍ എന്തുവേണമെങ്കിലും സ്വീകരിക്കാം. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ പരിശോധിക്കട്ടെ’- മനാഫ് പറഞ്ഞു.
അര്‍ജുനെ കിട്ടിയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ലോറിയുടമ മനാഫല്ല, മുബീന്‍ എന്നയാളാണെന്ന അര്‍ജുന്റെ ഭാര്യയുടെ പ്രതികരണം വന്നപ്പോള്‍ വീട്ടുകാരുമായി സംസാരിച്ചതാണ്. മാത്രമല്ല, മുബിന്റെ വാഹനമാണതെന്നും കുടുംബത്തിനെതിരേ മോശം പരാമര്‍ശമുണ്ടാകരുതെന്നും താന്‍ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.
അര്‍ജുനെ കിട്ടിയതോടെ ഇനി കുടുംബത്തിന് തങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യാനുള്ളത് ഇന്‍ഷുറന്‍സ് തുക വാങ്ങികൊടുക്കുക എന്നതാണ്. അര്‍ജുന് താന്‍ 75,000 രൂപ ശമ്പളം നല്‍കുന്നുണ്ടെന്ന് മാധ്യമങ്ങളില്‍ പറഞ്ഞത് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിന് ഉപകാരപ്പെടും. ഇതെല്ലാം പരിഗണിച്ചാവും എത്ര നഷ്ടപരിഹാരം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. കുടുംബത്തിന് പ്രയോജനമുണ്ടാകുന്നതിന് മാത്രം ചെയ്തതാണെന്നും മനാഫ് പറഞ്ഞു.