കോട്ടയം: 71. 68 ശതമാനം പോളിംഗോടെ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂർണ്ണം. മറ്റന്നാൾ നടക്കുന്ന വോട്ടെണ്ണലിൽ മുന്നണികൾ വിജയപ്രതീക്ഷയിലാണ്. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽഡിഎഫ്.
പോളിംഗ് പൂർത്തിയായതിന് പിന്നാലെ തന്നെ അവകാശവാദങ്ങളുമായി മുന്നണികൾ രംഗത്തെത്തിയിരുന്നു. ചാണ്ടി ഉമ്മൻ മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് ജയിക്കും എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. പുതുപ്പള്ളിയിൽ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടുണ്ടെന്നും യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നു.
എന്നാൽ ചെറിയ ഭൂരിപക്ഷത്തിന് എങ്കിലും ജയ്ക് സി. തോമസ് വിജയിക്കും എന്നാണ് ഇടതുമുന്നണി നേതൃത്വം അവകാശപ്പെടുന്നത്. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകൾ ചോർന്നിട്ടില്ല എന്നാണ് സിപിഎം വിലയിരുത്തൽ. ഇതിനൊപ്പം വികസന വിഷയങ്ങളിൽ ഊന്നി നടത്തിയ പ്രചാരണവും ജയിക്കിന് അനുകൂലമായി മാറുമെന്ന് കണക്കുകൂട്ടലിലാണ് ഇടതു നേതൃത്വo. ബൂത്തുകളിൽ നിന്നും സമാഹരിച്ച വോട്ട് കണക്കുകൾ ഇരുമുന്നണി നേതൃത്വങ്ങളും ഇന്ന് വിശദമായി വിലയിരുത്തും.
പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചത്. അതേ സമയം ഇടതു പ്രചാരണം ഏശിയില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ പ്രതികരണം. ചര്‍ച്ചയായത് വികസനമെന്നായിരുന്നു എൻഡിഎ സ്ഥാനാര്‍ഥി ലിജിൻ ലാലിന്റെ പ്രതികരണം.
ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ സ്‌കൂൾ ബൂത്തിലും ജെയ്ക്ക് സി തോമസ് മണർകാട് എൽപി സ്‌കൂൾ ബൂത്തിലുമാണ് വോട്ട് ചെയ്തത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതിയത്.
പുതുപ്പളളിയിൽ വോട്ടെടുപ്പ് ദിനവും ഉമ്മൻചാണ്ടിയുടെ ചികിത്സ ആയുധമാക്കിയിരുന്നു സിപിഎം. ചികിത്സയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തി ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ആരോപണം കടുപ്പിച്ചപ്പോൾ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്ന് യുഡിഎഫും തിരിച്ചടിച്ചിരുന്നു.
ജെയ്ക്ക് സി തോമസ് കുടുംബത്തെ വേട്ടയാടുന്നുവെന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മന്‍ തിരിച്ചടിച്ചത്. ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച എല്ലാം ഉമ്മൻചാണ്ടിയുടെ ഡയറിയിലുണ്ടെന്നും താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
അതിനിടെ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അച്ചുവിന്റെ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിനെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു.
കേസെടുത്തതിന് പിന്നാലെ മാപ്പു പറഞ്ഞ നന്ദകുമാർ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു. സർവ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് പ്രതിയായിട്ടും ഐഎച്ച്ആർഡിയും ഒരു നടപടിയും എടുത്തിട്ടില്ല. ഇതിനിടെയാണ് ഇന്ന് പത്ത് മണിക്ക് ഹാജരാകാനായി നന്ദകുമാറിന് പൂജപ്പുര പൊലിസ് നോട്ടീസ്. നൽകിയിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
അതേ സമയം, അച്ചു ഉമ്മനെതിരെയുള്ള സൈബർ അധിക്ഷേപത്തിൽ നടപടിയെടുക്കുന്നതില്‍ പൊലീസ് മെല്ലെപ്പോക്ക് തുടരുകയാണെന്ന് ആക്ഷേപമുയര്ർന്നിരുന്നു. അച്ചു ഉമ്മനെ അധിക്ഷേപിച്ച ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നന്ദകുമാറിന് പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ബുധനാഴ്ച ഹാജാരാകാനാണ് നോട്ടീസ് നൽകിയത്. വിഷയത്തില്‍ ഐഎച്ച്ആർഡി ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. നടപടി വൈകുന്നതിന്‍റെ കാരണമറിയില്ലെന്ന് അച്ചു പ്രതികരിച്ചു.
അച്ചുവിനെതിരായ സൈബർ അധിക്ഷേപം നടത്തിയ ഇടത് നേതാവ് നന്ദകുമാർ കൊളത്താപ്പിള്ളിക്കെതിരായ നടപടിയിൽ തുടക്കം മുതൽ പൊലീസ് ഉഴപ്പുകയാണ്. ഡിജിപിക്ക് അച്ചു പരാതി നൽകിയതിന് പിന്നാലെയായിരുന്നു കേസെടുത്തത്. അച്ചുവിന്‍റെ മൊഴി രേഖപ്പെടുത്തി അഞ്ച് ദിവസം കഴിഞ്ഞിട്ടും നന്ദകുമാറിനെ ചോദ്യം ചെയ്യാത്തത് വിവാദമായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയത്. നാളെ പുതുപ്പള്ളി വോട്ടെടുപ്പും കഴിഞ്ഞ് ഹാജരാകാൻ ആവശ്യപ്പെട്ടത് തന്നെ മെല്ലെപ്പോക്കിന്‍റെ തുടർച്ചെയെന്നാണ് ആക്ഷേപം.