ചങ്ങനാശേരി പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എട്ടുവര്‍ഷത്തിനിടെ മരിച്ചത് 30 പേര്‍,ഞെട്ടിയ്ക്കുന്ന റി്‌പ്പോര്‍ട്ട് പുറത്ത്
കോട്ടയം :വിവാദത്തിലായ ചങ്ങനാശ്ശേരി തൃക്കൊടിത്താനം മാനസികാരോഗ്യ കേന്ദ്രത്തില്‍ എട്ട് വര്‍ഷത്തിനിടെ ഉണ്ടായത് 30 ലധികം ദുരൂഹ മരണങ്ങളെന്ന് റിപ്പോര്‍ട്ട്. പുതുജീവന്‍ ട്രസ്റ്റില്‍ കോട്ടയം അഡീഷനല്‍ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) നടത്തിയ പ്രാഥമിക തെളിവെടുപ്പിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
പുതുജീവന്‍ മനോദൗര്‍ബല്യ ചികിത്സാ കേന്ദ്രത്തിലെ തെളിവെടുപ്പിന് ശേഷമാണു സ്ഥാപനത്തിലെ മരണനിരക്കു സംബന്ധിച്ച് എഡിഎം വ്യക്തത വരുത്തിയത്. 2012 മുതലുള്ള റജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നാണ് ഇതുവരെ മുപ്പതിലേറെ മരണങ്ങള്‍ നടന്നതായി കണ്ടെത്തിയത്. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടാം. സമഗ്രമായ അന്വേഷണം ഉണ്ടാകും. ട്രസ്റ്റിന്റെ ലൈസന്‍സ് സംബന്ധിച്ചും തര്‍ക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഹൈക്കോടതിയിലെ കേസുകളുടെ പിന്‍ബലത്തിലാണ്
പരാതി നിരവധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാട്ടുകാരില്‍നിന്നും ജീവനക്കാരില്‍നിന്നും എഡിഎം വിവരങ്ങള്‍ ശേഖരിച്ചു. രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് കലക്ടര്‍ക്കു സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കിടെ മൂന്ന് അന്തേവാസികള്‍ മരിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ് പുതുജീവനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്.