ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് പിതാവ്. അപകടമുണ്ടായി 20 ദിവസത്തിന് ശേഷം കുട്ടി പ്രതികരിച്ചതായി പിതാവ് അറിയിച്ചു.
കണ്ണുകൾ തുറന്നു. നിലവിൽ മകന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയാണ്. തെലുങ്കു സൂപ്പർതാരം അല്ലു അർജുനും തെലങ്കാന സർക്കാരും തങ്ങളെ പിന്തുണക്കുന്നുവെന്നും കുട്ടിയുടെ അച്ഛൻ അറിയിച്ചു.
നരഹത്യക്കേസിൽ പ്രതിയായ അല്ലു അർജുനെ മൂന്ന് മണിക്കൂറോളം ഇന്ന് ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തു. പൊലീസിന്‍റെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം.
തിയ്യറ്ററിൽ രാത്രി ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അർജുന്‍റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തു.
ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും അവരുടെ ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.
സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.