നടന്‍ വരുമെന്നറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല; പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടത്തിൽ അറസ്റ്റ്
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയേറ്ററിലെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സന്ധ്യാ തിയേറ്റര്‍ ഉടമ എം സന്ദീപ്, മാനേജര്‍ എം നാഗരാജു, ജി വിജയ് ചന്ദര്‍ എന്നിവരെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
നടന്‍ തിയേറ്ററിലെത്തുമെന്ന് മാനേജ്‌മെന്റിന് അറിയാമായിരുന്നിട്ടും ഇക്കാര്യം നേരത്തെ പോലീസിനെ അറിയിച്ചില്ല, വലിയ ജനക്കൂട്ടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ല, നടനും സംഘത്തിനും അകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേരം വഴി ഒരുക്കിയില്ല തുടങ്ങിയ തെറ്റുകളാണ് തിയേറ്റര്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പോലീസ് പറയുന്നു.
നേരത്തെ അല്ലു അര്‍ജുനെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഭാരതീയ ന്യായസംഹിതയിലെ കരുതിക്കൂട്ടി ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന വകുപ്പും ചുമത്തിയിരുന്നു. ബുധനാഴ്ച്ചയാണ് സംഭവം. സംവിധായകന്‍ സുകുമാറിനൊപ്പം തുറന്ന ജീപ്പിലാണ് നടന്‍ തിയേറ്ററിലെത്തിയത്. താരത്തെ കണ്ടതും ആരാധകരുടെ ആവേശം അതിരുകടന്നു. തുടര്‍ന്ന് അല്ലു അര്‍ജുന്റെ സുരക്ഷാ ജീവനക്കാര്‍ ആളുകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. ഇതോടെ തിക്കും തിരക്കുമുണ്ടാകുകയും ഒരു സ്ത്രീക്ക് ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു.
കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ ദില്‍സുഖ് നഗര്‍ സ്വദേശിയായ രേവതി എന്ന സ്ത്രീയാണ് മരിച്ചത്. പരിക്കേറ്റ ഇവരുടെ മകന്‍ ശ്രീതേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് ഭാസ്‌ക്കറിനും മക്കള്‍ക്കുമൊപ്പമാണ് രേവതി സിനിമയ്ക്കെത്തിയത്.
മകന്‍ ശ്രീതേജ് കടുത്ത അല്ലു അര്‍ജുന്‍ ആരാകനാണെന്നും മകന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സിനിമയ്‌ക്കെത്തിയതെന്നും ഭാസ്‌കര്‍ പിന്നീട് പ്രതികരിച്ചു. തിയേറ്റര്‍ മാനേജ്‌മെന്റിനെതിരേയും അല്ലു അര്‍ജുന്റെ സുരക്ഷാ സംഘത്തിനെതിരേയും ഭാസ്‌ക്കര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രേവതിയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് ഖേദം പ്രകടിപ്പിക്കുകയും കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അറിയിച്ചിരുന്നു.