KeralaNews

ആരോഗ്യപ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിച്ചാലും ശിക്ഷ, ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിക്കുന്നു

തിരുവനന്തപുരം : ആരോഗ്യപ്രവർത്തകർക്കെതിരായ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും അസഭ്യവും വരെ ആശുപത്രി സംരക്ഷണ നിയമത്തിൻറെ പരിധിയിൽപ്പെടുത്താൻ ഓർഡിനൻസ്. അതിക്രമങ്ങളിൽ ശിക്ഷ 7 വർഷം വരെയാക്കി വർധിപ്പിച്ചും, ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ചുമാണ് ഓർഡിനൻസ് ഒരുങ്ങുന്നത്. നിയമവകുപ്പ് കൂടി പരിശോധിച്ച് മറ്റന്നാൾ മന്ത്രിസഭ ഓർഡിനൻസ് പുറത്തിറക്കും.

കായികമായ അതിക്രമങ്ങൾ മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. ആരോഗ്യപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം വരെ നിയമത്തിൽപ്പെടുത്തണമെന്നായിരുന്നു സംഘടനകളുടെ ആവശ്യം. ആരോഗ്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകരിൽ ഒതുങ്ങിയിരുന്ന നിയമപരിരക്ഷ നഴ്സിങ് കോളേജുകൾ ഉൾപ്പടെ ആരോഗ്യമേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സ്വാശ്രയ കോളേജുകൾക്ക് ഉൾപ്പടെ നിയമത്തിന്റെ സംരക്ഷണമുണ്ടാകും.

സുരക്ഷാ ജീവനക്കാർ, ക്ലറിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ വരെ നിയമപരിരക്ഷയിൽ ഉൾപെടുത്താൻ ആവശ്യം ഉയർന്നിരുന്നു. ഇവരിൽ, ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേർക്കാനാണ് ആലോചന.

അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ മൂന്നിൽ നിന്ന് 7 വർഷമാക്കും. കുറഞ്ഞ ശിക്ഷ 6 മാസമാക്കും. അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഉപകരണങ്ങൾ നശിപ്പിച്ചാൽ വിലയുടെ ആറിരട്ടി വരെ നഷ്ടപരിഹാരം എന്നതിലും അന്തിമ ചർച്ചകൾ നടക്കുകയാണ്. നിയമവകുപ്പിന്റെ പരിശോധന കൂടിയാണ് പൂർത്തിയാകാനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker