KeralaNews

കൊച്ചി മെട്രോയിൽ നാളെ വമ്പന്‍ ഓഫര്‍!വിശദാംശങ്ങളിങ്ങനെ

കൊച്ചി: യാത്രക്കാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന കാര്യത്തിൽ കൊച്ചി മെട്രോ എപ്പോഴും പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്. ഐ എസ് എൽ ഫുട്ബോൾ ദിവസങ്ങളിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കൊച്ചിയിൽ ഫുട്ബോൾ പൂരം അരങ്ങേറുമ്പോഴെല്ലാം മെട്രോയിൽ 50 ശതമാനം വരെ ടിക്കറ്റ് ഇളവ് പ്രഖ്യാപിക്കാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിയില്ല.

നാളെത്തെ ഐ എസ് എൽ മത്സരത്തിന് ആവേശം പകരാനായി കൊച്ചി മെട്രോ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചുകഴിഞ്ഞു. രാത്രി പത്ത് മണി മുതലുള്ള ടിക്കറ്റ് നിരക്കിലാണ് 50 ശതമാനം ഇളവ് വരുത്തിയിട്ടുള്ളത്. ഐ എസ് എൽ പ്രമാണിച്ച് ജെ എൽ എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്നും അധിക സർവ്വീസുകളും കൊച്ചി മെട്രോ ഒരുക്കുന്നുണ്ട്.

കൊച്ചി മെട്രോയുടെ അറിയിപ്പ് ഇപ്രകാരം

ഫെബ്രുവരി 25ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്നതിനാൽ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവ്വീസ് ഒരുക്കുന്നു. ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11.30ന് ആയിരിക്കും.

രാത്രി പത്ത് മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാൻ സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാൻ ഇതുവഴി സാധിക്കും.  

മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്ത് നിന്ന് തന്നെ സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാവുന്നതാണ്. പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബോൾ ആരാധകർക്കും മെട്രോ സർവ്വീസ് പ്രയോജനപ്പെടുത്താം. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. 

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൌകര്യം ഉപയോഗിക്കാവുന്നതാണ്. തൃശൂർ, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് ബസ്സുകളും കാറുകളും പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സാധിക്കും. അൻപത് കാറുകളും 10 ബസ്സുകളും ഒരോ സമയം പാർക്ക് ചെയ്യാനുള്ള സൌകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.

 പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിംഗിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിലേക്ക് യാത്ര ചെയ്യാനാകും. 15 ബസ്സുകളും 30 കാറുകളും ഇടപ്പള്ളിയിൽ പാർക്ക് ചെയ്യാം.

ആലപ്പുഴ, തിരുവനന്തപുരം ഭാഗത്ത് നിന്ന് റോഡ് മാർഗ്ഗം വരുന്നവർക്ക് വൈറ്റിലയിൽ നിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയിൽ നിന്ന് വരുന്നവർക്ക് എസ് എൻ ജംഗ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിൽ നിന്ന് മെട്രോ സേവനം ഉപയോഗിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker