KeralaNews

‘മാലിക്’ നാടിനെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി ചിത്രീകരിച്ചു; ബീമാപള്ളിയില്‍ പ്രതിഷേധം

തിരുവനന്തപുരം: മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന മാലിക് സിനിമക്കെതിരെ ബീമാപള്ളിയില്‍ പ്രതിഷേധം. ബീമാപള്ളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ പള്ളി പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബീമാപള്ളിയെ കൊള്ളക്കാരുടെയും ഭീകരവാദികളുടെയും നാടായി സിനിമയില്‍ ചിത്രീകരിച്ചെന്നാരോപിച്ചാണ് പ്രതിഷേധം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരിപാടി. ബീമാപള്ളി വെടിവെപ്പുമായി ബന്ധപ്പെട്ട് കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സാംസ്‌കാരിക സമിതി ആവശ്യപ്പെട്ടു. സിനിമക്കെതിരായും വെടിവെപ്പില്‍ നീതി ലഭിക്കാനുമായി തുടര്‍ പ്രതിഷേധ പരിപാടികള്‍ നടത്താനും സാംസ്‌കാരിക സമിതി ആലോചിക്കുന്നുണ്ട്.

2009ലെ വെടിവെപ്പ് ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തില്‍ ബീമാപള്ളിയെ തെറ്റായി ചിത്രീകരിച്ചതിലെ പ്രതിഷേധമാണ് പ്രകടിപ്പിച്ചതെന്ന് സാംസ്‌കാരിക കൂട്ടായ്മ പ്രതിനിധികള്‍ പ്രതികരിച്ചു. പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

റമദാപള്ളി, ഇടവാത്തുറ എന്നിങ്ങനെ ചേര്‍ന്ന് കിടക്കുന്ന രണ്ട് കടലോര ഗ്രാമങ്ങളിലാണ് ‘മാലിക്’ എന്ന ചിത്രതത്തിന്‍െര്‍ കഥ അരങ്ങേറുന്നത്. സാങ്കല്‍പ്പിക ഇടങ്ങള്‍ എന്ന് പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്തെ രണ്ട് കടലോര ഗ്രാമങ്ങളെയും അവിടെ നാലു പതിറ്റാണ്ടു മുമ്പ് ഉണ്ടായിട്ടുള്ള ചില അനിഷ്ട സംഭവങ്ങളുടെയും ധ്വനി സിനിമയിലുടനീളം മുഴങ്ങുന്നുണ്ട്.

റമദാപ്പള്ളിക്കാരുടെ ഏറ്റവും വലിയ ആശ്രയമായ സുലൈമാന്‍ മാലിക്കിന്റെ ഹജ്ജ് ഒരുക്കങ്ങളിലൂടെയാണ് ‘മാലിക്’ തുടങ്ങുന്നത്. രണ്ട് മണിക്കൂര്‍ 41 മിനിറ്റ് ചിത്രത്തിന്റെ തുടക്കം 13 മിനിറ്റ് വരുന്ന സിംഗിള്‍ ഷോട്ട് ക്യാമറാ യാത്രയിലൂടെയാണ്. ഭരണത്തിലിരിക്കുന്ന മന്ത്രിക്കുമേല്‍ പോലും തന്റെ കല്‍പ്പനയ്ക്ക് അധികാരമുള്ള വയോധികനായ മാലിക്.

ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ എന്തിനും ഇറങ്ങിത്തിരിച്ചിരുന്ന സുലൈമാന്‍ നാട്ടിലെ വരത്തന്മാരില്‍ ഒരാളാണ്. എങ്കിലും കടലിന്റെ തഴമ്പ് ഏറ്റുവളര്‍ന്ന ബാലന്‍. അയാളുടെ അമ്മയുടെ ഭാഷയില്‍ ‘കടലിന്റെ മണം’, തന്നില്‍പ്പേറി ജീവിച്ചവന്‍. ഈ കടല്‍മണം അയാളെ കാലക്രമേണ റമദാപള്ളിക്കാരുടെ ഇടയില്‍ സ്വീകാര്യനാക്കുമ്പോഴും, വ്യക്തി ജീവിതത്തില്‍ കനത്ത നഷ്ടങ്ങള്‍ മാത്രം ബാക്കിയായി തീരുന്ന, ഉറ്റവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും പ്രാപ്തനല്ലാത്ത വിധം അശക്തനാണയാള്‍.

റമദാപള്ളിയിലെ വൈദ്യകുടുംബത്തിന്റെ കനിവുപറ്റാന്‍ എത്തിച്ചേരുന്നത് മുതല്‍ ജീവിതാവസാനം വരെ സുലൈമാന്‍ മാലിക്കിന്റെ കഥ വരച്ചു കാട്ടുന്ന സിനിമ നോണ്‍-ലീനിയര്‍ കഥപറയല്‍ ശൈലി അവലംബിച്ചിരിക്കുന്നു.

27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തില്‍ തന്നെ ശ്രദ്ധേയമായത്. അസ്ഥിരമായ സാമൂഹികവും രാഷ്ട്രീയവുമായ പശ്ചാത്തലത്തില്‍ നായകന്റെ 30 വര്‍ഷത്തെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button