ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ
മുംബൈ:ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്ത പ്രധാന്യം നേടാറുണ്ട്. ഇവരുടെ ഓൺ സ്ക്രീൻ വിശേഷങ്ങളേക്കാൾ ഓഫ് സ്ക്രീൻ വിശേഷങ്ങൾ അറിയാനാണ് ആരാധകർക്ക് താൽപര്യം. ഇവരുടെ മകൾ ആരാധ്യക്കും ആരാധകർ ഏറെയാണ്.
15 വർഷങ്ങൾക്ക് മുൻപായിരുന്നു താരങ്ങളുടെ വിവാഹം. വിവാഹശേഷം നിറയെ ഗോസിപ്പുകളും വിമർശനങ്ങളുമെല്ലാം അഭിഷേകിനും ഐശ്വര്യക്കും നേരെ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് ഏറ്റവും ശക്തമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും. ഓരോന്നിലും പരസ്പരം നെടുംതൂണുകളായി നില്‍ക്കുന്നതാണ് ഐശ്വര്യ റായ്-അഭിഷേക് ബച്ചന്‍ വിവാഹ ജീവിതത്തിന്റെ ശക്തി.
എല്ലാ കാര്യങ്ങളിലും ഒന്നിച്ച് നില്‍ക്കുകയും വിജയങ്ങളില്‍ അഭിനന്ദിക്കുകയുമൊക്കെ ചെയ്യാറുള്ള മാതൃകാ ദമ്പതിമാരാണ് ഇരുവരും. പൊതുവേദികളിൽ എല്ലാം ഇരുവരും ഒരുമിച്ചെത്താറുണ്ട്. ഐശ്വര്യ റായിയെ കണ്ടുമുട്ടിയതിനെ കുറിച്ചും ഇഷ്ടത്തിലായതിനെ പറ്റിയുമൊക്കെ അഭിഷേക് മുന്‍പ് പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. നേരെ തിരിച്ച് ഐശ്വര്യയും അഭിഷേകിനെ പറ്റി വാചാലയാകാറുണ്ട്.
എന്നാൽ ഇപ്പോഴിതാ, ഇവരുടെ പുതിയൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിജയകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോകുന്ന ഈ ദമ്പതിമാരുടെ ജീവിതത്തിൽ എന്തോ പ്രശ്നമുണ്ട് എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്താണ് ഇവർക്കിടയിലെ പ്രശ്നമെന്നാണ് ആരാധകർ ചോദിക്കുന്നത്.
സംവിധായകനും നിർമ്മാതാവുമായ സുഭാഷ് ഗായിയുടെ പിറന്നാൾ പാർട്ടിയ്ക്ക് എത്തിയ ഐശ്വര്യയുടെയും അഭിഷേകിന്റെയും ചിത്രമാണ് വൈറലായി മാറുന്നത്. പാർട്ടിയ്ക്ക് എത്തിയ ഇവർ ചിത്രത്തിനായി പോസ് ചെയ്യുന്നതിനിടെയാണ് സംഭവം. അഭിഷേകിന് നേരെയുള്ള ഐശ്വര്യയുടെ ഒരു നോട്ടമാണ് ശ്രദ്ധനേടുന്നത്.
തീർത്തും അസ്വസ്ഥയാണ് താൻ എന്ന് ധ്വനിയുള്ള ഒരു നോട്ടമാണ് ഐശ്വര്യ റായ് അഭിഷേകിന് നേരെ പായിക്കുന്നത്. എന്നാൽ ഇപ്പോൾ മാത്രമല്ല മുൻപും ഇതുപോലെ സംഭവിച്ചിട്ടുണ്ട് എന്നാണ് ആരാധകർ ഉൾപ്പെടെ പറയുന്നത്.
2022 ഒക്ടോബറിൽ നടന്ന മനീഷ് മൽഹോത്രയുടെ പിറന്നാൾ ചടങ്ങിലും ഇത്തരമൊരു പെരുമാറ്റം ഐശ്വര്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാൽ അതിന്റെയും കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. അതിനിടയിലാണ് സുഭാഷ് ഗായിയുടെ പാർട്ടിക്കിടയിലെ പുതിയ സംഭവം.
സുഭാഷ് ഗായിയുടെ 78-ാമത് ജന്മദിനമാണ് കഴിഞ്ഞ ദിവസം ആഘോഷിച്ചത്. താരനിബിഢമായിരുന്നു ചടങ്ങ്. ഐശ്വര്യയും അഭിഷേകും കൂടാതെ, സൽമാൻ ഖാൻ, ജയാ ബച്ചൻ, അനിൽ കപൂർ, കാർത്തിക് ആര്യൻ, രാകേഷ് റോഷൻ, അൽക യാഗ്നിക്, മഹിമ ചൗധരി, അനുപം ഖേർ, ശത്രുഘ്നൻ സിൻഹ, ഭാര്യ പൂനം സിൻഹ, റോണിത് റോയ്, രോഹിത് റോയ്, മീസാൻ ജഫ്രി തുടങ്ങിയവരും പങ്കെടുത്തിരുന്നു.
സുഭാഷ് ഗായ് സംവിധാനം ചെയ്ത താൽ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. അന്ന് മുതലുള്ള സൗഹൃദമാണ് ഇവരുടേത്. പതിറ്റാണ്ടുകളായി ബോളിവുഡിൽ സജീവമായ സുഭാഷിന് ബച്ചൻ കുടുംബവുമായും അടുത്ത ബന്ധമാണ് ഉള്ളത്. അങ്ങനെയൊക്കെ ആവുമ്പോൾ ഐശ്വര്യയുടെ നീരസത്തിന് പിന്നിലെ കാരണമെന്താണ് എന്നാണ് ആരാധകർ ചോദിക്കുന്നത്.
പൊന്നിയിൻ സെൽവൻ 1 ആണ് ഐശ്വര്യ റായുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഇതിന്റെ രണ്ടാം ഭാഗമാണ് റിലീസിന് കാത്തിരിക്കുന്നത്. ഭോല, ഗൂമർ തുടങ്ങിയ സിനിമകളാണ് അഭിഷേകിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.