ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മത്സരിച്ചേക്കും. അമ്മ സോണിയാ ഗാന്ധിയാണ് നേരത്തെ റായ്ബറേലിയില്‍ മത്സരിച്ചിരുന്നത്. സോണിയ രാജ്യസഭയിലേക്ക് പോയതോടെയാണ് കന്നിയങ്കത്തിനായി പ്രിയങ്ക റായ്ബറേലിയിലെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിറ്റിങ് സീറ്റായ വയനാടിനൊപ്പം രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയിലും മത്സരിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. 2002 മുതല്‍ അമേഠിയിലെ എം.പിയായിരുന്നു രാഹുല്‍ ഗാന്ധി. 2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് അമേഠി മണ്ഡലത്തില്‍ രാഹുല്‍ പരാജയപ്പെട്ടു. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ വീണ്ടും അമേഠിയിലിറങ്ങുന്നത്.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇപ്പോള്‍ മധ്യപ്രദേശിലൂടെ നീങ്ങുകയാണ്. യാത്ര വ്യാഴാഴ്ച ഗുജറാത്തില്‍ പ്രവേശിക്കും. ഗുജറാത്തിലെത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ആം ആദ്മി പാര്‍ട്ടിയെ (എ.എ.പി) കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. ക്ഷണം സ്വീകരിച്ച് സംസ്ഥാന അധ്യക്ഷന്‍ ഇസുദാന്‍ ഗധ്വി ഉള്‍പ്പെടെയുള്ള എ.എ.പി. നേതാക്കള്‍ ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിനിരക്കും. നേരത്തേ ഉത്തര്‍പ്രദേശില്‍ വച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് യാത്രയുടെ ഭാഗമായിരുന്നു.