മോസ്കോ: നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഹൃദയഭേദകമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കീവിലെ കുട്ടികളുടെ ആശുപത്രി റഷ്യൻ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് മോദി ആശങ്ക അറിയിച്ചത്.
യുദ്ധമായാലും ഭീകരാക്രമണമായാലും മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുന്നത് മാനവികതയിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും വേദനാജനകമാണ്. എന്നാൽ, കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കാണുന്നത് അത് ഹൃദയഭേദകമാണ്. ആ വേദന വളരെ വലുതാണ്. ഇതിനെക്കുറിച്ച് നാം മുമ്പും ചർച്ച നടത്തിയിട്ടുണ്ട്.
യുദ്ധത്തെക്കുറിച്ച് തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ കഴിയുന്നതിൻ സന്തോഷമുണ്ട്. സമാധാനമാണ് പ്രധാനമെന്ന് ഒരു സുഹൃത്തെന്ന നിലയിൽ പുതിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, യുദ്ധക്കളത്തിൽ പരിഹാരങ്ങൾ സാധ്യമല്ലെന്ന് താൻ മനസ്സിലാക്കുന്നു. ബോംബുകൾക്കും തോക്കുകൾക്കുമിടയിൽ സമാധാന ചർച്ചകൾ വിജയിക്കില്ല. ചർച്ചകളിലൂടെ മാത്രമേ സമാധാനത്തിലേക്ക് എത്തിച്ചേരാനാകൂവെന്നും മോദി പറഞ്ഞു.
സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാൻ ഇന്ത്യ തയ്യാറാണ്. സമാധാനത്തിന് അനുകൂലമായാണ് രാജ്യം നിലകൊള്ളുന്നതെന്ന് ലോകസമൂഹത്തിന് ഉറപ്പുനൽകുന്നു. സമാധാന ചർച്ചകളെക്കുറിച്ച് പുതിൻ പറഞ്ഞ വാക്കുകൾ പ്രതീക്ഷ നൽകുന്നതായും മോദി കൂട്ടിച്ചേർത്തു.