News

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില,കാർഷിക പരിഷ്കാര ബില്ലിൽ രാഷ്ട്രപതി ഒപ്പു വച്ചു

ദില്ലി: രാജ്യ വ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കാർഷിക പരിഷ്കാര ബില്ലിൽ രാഷ്ട്രപതി ഒപ്പു വച്ചു. ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി.

പുതിയ കാര്‍ഷിക ബില്ലുകൾ കര്‍ഷകരെ കൂടുതൽ സ്വതന്ത്രരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൻ കി ബാത്തിലൂടെ ആവ‌‌ർത്തിച്ചിരുന്നു. കര്‍ഷകര്‍ സ്വയം പര്യാപ്തരാവണമെന്നും തടസ്സങ്ങളില്ലാതെ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പുതിയ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപ്പിക്കാനൊരുങ്ങുകയാണ്. നാളെ ഹർജി ഫയൽ ചെയ്യുമെന്ന് ടിഎൻ പ്രതാപൻ എം പിയും അറിയിച്ചു.

കാര്‍ഷിക വിള വിപണന വാണിജ്യ പ്രോത്സാഹന ബില്ല് 2020 , വിള ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിടുന്ന കാര്‍ഷിക ശാക്തീകരണ സംരക്ഷണ ബില്ല് 2020, അവശ്യ സാധന നിയമഭേദഗതി ബില്ല് 2020 എന്നീ മൂന്ന് ബില്ലുകളാണ് നിലവിലെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണം.

പുതിയ പരിഷ്കാരങ്ങൾക്കെതിരെ വലിയ പ്രക്ഷോഭമാണ് രാജ്യത്ത് നടക്കുന്നത്. കാര്‍ഷിക മേഖലയെ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകൾക്ക് അടിയറ വക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെയടക്കം ആരോപണം. ബിജെപിയുടെ എറ്റവും പഴയ സഖ്യകക്ഷി ശിരോമണി അകാലിദൾ നീക്കത്തിൽ പ്രതിഷേധിച്ച് മന്ത്രിയെ വരെ രാജിവെപ്പിക്കുകയും മുന്നണി വിടുകയും വരെ ചെയ്തു.

ആദ്യത്തെ രണ്ട് ബില്ലുകൾ അതീവ നാടകീയമായാണ് രാജ്യസഭയിലും ലോക്സഭയിലും കേന്ദ്രസർക്കാര്‍ പാസാക്കിയെടുത്തത്. ഇടനിലക്കാർ ഇല്ലാത്ത വിപണിയും വിൽപ്പന സ്വാതന്ത്യവും. വിലപേശൽ ശേഷിയുമൊക്കെ ഉറപ്പാക്കാനാണ് പുതിയ പരിഷ്കരണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. പക്ഷേ, കൊവിഡ് പ്രതിസന്ധിക്കിടെ തിരക്കിട്ട് പാസാക്കിയെടുത്ത രീതിയടക്കം വിമ‌ശിക്കപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button