വിവാഹത്തിന് മുമ്പേ താൻ ഗർഭിണി; ഒരുപാട് തീരുമാനങ്ങളെടുക്കേണ്ടി വന്നു; അമല പോൾ
കൊച്ചി:അമല പോളിന്റെ കരിയർ ഗ്രാഫും വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങളും സിനമിമാ ലോകത്ത് ചർച്ചയായതാണ്. തമിഴകത്ത് തിരക്കേറിയ നായിക നടിയായിരിക്കെയാണ് അമല സംവിധായകൻ എഎൽ വിജയെ വിവാഹം ചെയ്യുന്നത്. വിവാഹ മോചനത്തിന് ശേഷമാണ് നടി സിനിമകളിൽ വീണ്ടും സജീവമായത്. എന്നാൽ പിന്നീട് ചില പാളിച്ചകൾ താരത്തിന്റെ കരിയറിൽ വന്നു. വീണ്ടും ശക്തമായി സാന്നിധ്യമായി മാറുകയാണ് അമല പോൾ സിനിമാ രംഗത്ത്. ഇതിനിടെ താരത്തിന്റെ വ്യക്തി ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു.
അടുത്തിടെയാണ് നടി അമ്മയായത്. ഇലൈ എന്നാണ് മകന് അമലയും ഭർത്താവും നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയുടെ വിവാഹം. വൈകാതെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി ആരാധകരെ അറിയിച്ചു. വിവാഹത്തിന് മുമ്പേ താൻ ഗർഭിണിയായിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അമല പോൾ. കൈരളി ടിവിയോടാണ് പ്രതികരണം.
ആളുടെ (കുഞ്ഞിന്റെ) എൻട്രി തന്നെ മാസ് ആയിരുന്നു. പ്രതീക്ഷിക്കാതെയുള്ള എൻട്രിയായിരുന്നു. ഇതിപ്പോൾ എന്താണ് ചെയ്യുക, എന്ത് ചെയ്യണമെന്നറിയില്ല. ഞങ്ങൾ അന്ന് വിവാഹിതരല്ല. ഒരുപാട് തീരുമാനങ്ങൾ ഞങ്ങൾക്ക് എടുക്കേണ്ടി വന്നു. പക്ഷെ അത് സംഭവിക്കേണ്ടതായിരുന്നു. കുഞ്ഞുങ്ങളെ പ്ലാൻ ചെയ്യണെമന്ന് നമ്മൾ പറയുമെങ്കിലും അവർക്ക് വരാൻ സമയമായെന്ന് തോന്നുമ്പോൾ അവർ വരും.
ഇലൈയുടേത് അങ്ങനെയൊരു എൻട്രിയായിരുന്നു. ഞാൻ ഏറ്റവും കൂടുതൽ ഒരു മാറ്റം ആഗ്രഹിച്ച സമയത്താണ് ഇലൈ വരുന്നത്. ഇതിനേക്കാൾ മനോഹരമായ മാറ്റം വേറെ എന്താണ്. എല്ലാ ദിവസവും എക്സൈറ്റിംഗ് ആയിരുന്നു. ആൾ വന്നു. ഇപ്പോൾ കുഞ്ഞായി തന്റെ ജീവിതമെന്നും അമല പോൾ വ്യക്തമാക്കി. അമ്മയായ ശേഷവും കരിയറിലെ തിരക്കുകളിലേക്ക് വന്നതിനെക്കുറിച്ചും അമല പോൾ സംസാരിച്ചു. എപ്പോഴും പോസിറ്റീവ് ആണെന്ന് പറയാൻ പറ്റില്ല.
കഴിഞ്ഞ ദിവസം കോളേജ് ഇവന്റ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എനിക്ക് വിഷമമായി. ആദ്യമായാണ് കുഞ്ഞിനടുത്ത് നിന്ന് അത്രയും സമയം മാറി നിന്നത്. ഭാഗ്യത്തിന് ജഗത്ത് ഉണ്ടായിരുന്നു. അത് കുഴപ്പമില്ലെന്ന് ജഗത്ത് പറഞ്ഞു. നമ്മുടെ ലൈഫ് സ്റ്റെെലുമായി കുഞ്ഞും യൂസ്ഡ് ആകണമല്ലോ. ഇതാണ് റിയാലിറ്റി. സിനിമ പ്രധാനമാണ്. പ്രൊമോഷൻ ചെയ്യേണ്ടത് എന്റെ ഡ്യൂട്ടിയാണ്. ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിലും ചെയ്യാതിരുന്നാൽ കുറ്റബോധം തോന്നിയേനെ.
ഉറങ്ങാൻ പറ്റില്ല. എങ്ങനെയെങ്കിലും എന്നെ പുഷ് ചെയ്യും. ഒരു സിനിമയുണ്ടാകാൻ ഒത്തിരി പേരുടെ അധ്വാനമുണ്ട്. ആ സിനിമയിൽ വർക്ക് ചെയ്ത എല്ലാവരുടെയും വലിയ പ്രതീക്ഷയാണ് ആ സിനിമ. അതിലേക്ക് തന്റെ ബെസ്റ്റ് എനർജി കൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് അമല പോൾ വ്യക്തമാക്കി. ലെവൽ ക്രോസ് ആണ് അമല പോളിന്റെ പുതിയ ചിത്രം. സിനിമയുടെ പ്രൊമോഷന്റെ തിരക്കുകളിലാണ് നടിയിപ്പോൾ. ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിൽ അമല പോളിനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ജൂലൈ 26 ന് സിനിമ റിലീസ് ചെയ്യും.