മുംബൈ: പുണെയില്‍ 17-കാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഢംബര കാറിടിച്ച് രണ്ട് യുവ എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മദ്യം നല്‍കിയ പബ് അടച്ചുപൂട്ടി എക്സൈസ്. നിയമം ലംഘിച്ച് മദ്യം നല്‍കിയെന്ന പേരിലാണ് പബ് സീല്‍ ചെയ്തത്. മധ്യപ്രദേശിലെ അബ്കാരി നിയമപ്രകാരം 25 വയസ്സാണ് മദ്യം വാങ്ങിക്കാനുള്ള പ്രായം.
ബാര്‍ ഉടമയെ നേരത്തെ പൂണെ പോലീസ് അറസ്റ്റുചെയ്തതിന് പിന്നാലെയാണ് പബ് അടച്ചുപൂട്ടിയത്. സംഭവത്തില്‍ ഇതുവരെ മൂന്നുപേരാണ് അറസ്റ്റിലായിരിക്കുന്നത്. ബാര്‍മാനേജരും, കാര്‍ ഓടിച്ച 17 കാരന്റെ അച്ഛനും നേരത്തെ പോലീസ് കസ്റ്റഡിയിലായിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് 17 കാരന്‍ അറസ്റ്റിലായെങ്കിലും 15 മണിക്കുറിന് ശേഷം ജാമ്യം ലഭിച്ചിരുന്നു. 17 വയസ്സും എട്ടുമാസവുമായിരുന്നു കാര്‍ ഓടിക്കുമ്പോള്‍ കൗമാരക്കാരന്റെ പ്രായം. മകന് ലൈസന്‍സ് ഇല്ലെന്നറിഞ്ഞിട്ടും വാഹനം നല്‍കിയെന്ന കേസാണ് അച്ഛനെതിരേ ചുമത്തിയിരിക്കുന്നത്. മാത്രമല്ല പ്രായപൂര്‍ത്തിയാവുന്നതിന് മുന്നെ മദ്യപാന പാര്‍ട്ടിക്ക് പങ്കെടുക്കാന്‍ അനുവാദം നല്‍കിയെന്ന വകുപ്പുമുണ്ട്.
പ്ലസ്ടു വിജയിച്ചതിന്റെ ആഘോഷത്തിനായിരുന്നു 17 കാരനും സുഹൃത്തുക്കളും ഞായറാഴ്ച പബിലെത്തിയത്. അവിടെവെച്ച് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞയാറാഴ്ച വൈകീട്ടായിരുന്നു മദ്യപിച്ച ശേഷം 17 കാരന്‍ ഓടിച്ച പോര്‍ഷെ ആഢംബര കാര്‍ കല്ല്യാണി നഗറില്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചത്. 2മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു കാര്‍. അപകടത്തില്‍ രണ്ട് യുവ എന്‍ജിനയര്‍ കൊല്ലപ്പെടുകയും ചെയ്തു.
മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് അവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വനി കോഷ്ത(24) എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കില്‍ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, മദ്യപിക്കുന്ന ശീലം ഉള്‍പ്പെടെ മാറ്റാനായി കൗണ്‍സിലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികള്‍ മുന്നോട്ടുവെച്ചാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍, ഇതിനെതിരേ വ്യാപക വിമര്‍ശനമാണുയര്‍ന്നത്.