Thrikkakara by election : തൃക്കാക്കരയിൽ പോളിംഗ് തുടങ്ങി; എല്ലാ ബൂത്തുകളിലും നീണ്ട ക്യൂ
കൊച്ചി : കേരളം രാഷ്ട്രീയ ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. മോക് പോളിംഗ് പൂർത്തിയാക്കി ഏഴ് മണിയോടെ തന്നെ പോളിംഗ് ആരംഭിച്ചു. രാവിലെ തന്നെ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുകയാണ് മുന്നണികൾ. രാവിലെ തന്നെ വലിയ തിരക്കാണ് ബൂത്തുകളിൽ ദൃശ്യമായത്.
യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും രാവിലെ തന്നെ പോളിംഗ് ബൂത്തിലേക്കെത്തി വോട്ട് രേഖപ്പെടുത്തി. നൂറ് ശതമാനം ആത്മ വിശ്വാസത്തിലാണെന്ന് തൃക്കാക്കരയിലെഎൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പ്രതികരിച്ചു. തൃക്കാക്കര വിജയിച്ച് കയറി ഇടതുമുന്നണി സെഞ്ച്വറിയടിക്കുമെന്നും മണ്ഡലം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃക്കാക്കരയിൽ ശുഭ പ്രതീക്ഷയിലാണെന്ന് പിടി തോമസിന്റെ ഭാര്യയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമാ തോമസും. തൃക്കാക്കര ജനത തന്നെെ അംഗീകരിക്കുമെന്നാണ് വിശ്വാസമെന്നും മഴ മാറി നിൽക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു.
രാവിലെ തന്നെ പരമാവധി വോട്ടർമാർ ബൂത്തിലേക്ക് എത്തി വോട്ട് രേഖപ്പെടുത്തുകയാണ്. കോൺഗ്രസ് എംപി ഹൈബി ഈടൻ കുടുംബസമേതം വോട്ട് ചെയ്തു. കാലവര്‍ഷം തുടങ്ങിയെങ്കിലും തൃക്കാക്കരയിൽ ഇപ്പോൾ തെളിഞ്ഞ അന്തരീക്ഷമാണ്. മഴ വില്ലനായാൽ പോലും വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ പ്രത്യേക സ്ക്വാഡുകളെ ഒരുക്കിയുള്ള തയ്യാറെടുപ്പുകൾ പാർട്ടികൾ നടത്തിയിട്ടുണ്ട്.
വൈകിട്ട് 6 മണിവരെയാണ് പോളിംഗ്. 239 ബൂത്തുകളാണ് തൃക്കാക്കരയിൽ സജീകരിച്ചിട്ടുള്ളത്. ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടർമാരാണ് മണ്ഡലത്തിലാകെയുള്ളത്. ഇതിൽ മൂവായിരത്തി അറുനൂറ്റി മുപ്പത്തി മൂന്ന് പേർ കന്നി വോട്ടർമാരാണ്. നഗര മണ്ഡലമായ തൃക്കാക്കരയിൽ പ്രശ്ന സാധ്യതാ, പ്രശ്ന ബാധിത ബൂത്തുകൾ ഇല്ല. കള്ളവോട്ട് തടയാൻ കർശന നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്. മണ്ഡലമിളക്കി മറിച്ചുള്ള പ്രചാരണം വഴി പോളിംഗ് 75 ശതമാനം കടക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ. എളംകുളം പോളിംഗ് സ്റ്റേഷനിലെ 94-ാം നമ്പർ ബൂത്തിൽ യന്ത്ര തകരാരാറുണ്ടായി പരിഹരിക്കാൻ ശ്രമം നടക്കുകയാണ്. 119 ാം നമ്പർ വനിതാ ബൂത്തിൽ മെഷീൻ തകരാരുണ്ടായതിനാൽ മോക്ക് പോളിങ് തടസപ്പെട്ടു.
ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം
കള്ളവോട്ടിന് സാധ്യതയുണ്ടെന്ന് യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. കള്ളവോട്ട് തടയാനായി എല്ലാ സജ്ജീകരണവും ഒരുക്കാൻ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ പറഞ്ഞു. മൈക്രോ ഒബ്സര്‍വര്‍മാരെയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തെയും നിയോഗിച്ചു. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.