കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല സംഭവത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നത് എസ്.എഫ്.ഐക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്ങെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ഉണ്ടായ സംഭവം അപലപനീയമാണ്. എല്ലാവരുടെയും മനസിനു വലിയ പ്രയാസമുണ്ടാക്കുന്നു. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ ദൗര്‍ഭാഗ്യകരമായ സംഭവം എസ്.എഫ്.ഐക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ രണ്ടു ലക്ഷ്യങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. പെട്ടെന്നുള്ള ലക്ഷ്യം ഇപ്പോള്‍ ആസന്നമായിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കുക എന്നതാണ്.
എന്നാല്‍ അതൊന്നും നടക്കില്ല. കേരളത്തിന്റെ ക്യാമ്പസുകളിലേക്ക് മത-വര്‍ഗീയ ശക്തികള്‍ക്ക് കടന്നു വരാന്‍ സാധിക്കുന്നില്ല. ഇതിനു തടസം എസ്.എഫ്.ഐ. ആണ്. അതു കൊണ്ട് എസ്.എഫ്.ഐയെ തകര്‍ക്കണം എന്നതാണ് ദീര്‍ഘകാലത്തേക്കുള്ള ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.