കോട്ടയം: വിദേശികള്‍ സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസ് കുറവിലങ്ങാട് വെച്ച് പോലീസ് തടഞ്ഞു. ബസിലുണ്ടായിരുന്ന സ്പെയിന്‍ സ്വദേശികളായ യുവാവിനെയും യുവതിയെയും കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരാക്കി. കോവിഡ് 19 രോഗലക്ഷണങ്ങള്‍ കണ്ടെത്താത്തതിനാല്‍ ഇവരെ വിട്ടയച്ചെങ്കിലും, നിലവിലെ സാഹചര്യത്തില്‍ താമസസൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പാലാ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
മാര്‍ച്ച് ആറിന് കേരളത്തില്‍ എത്തിയ ഇരുവരും കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ ആണ് താമസിച്ചത്. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്ന വിലക്ക് മറികടന്ന് മൂന്നാറിലേക്ക് പോകുന്നതിനിടെയാണ് വിദേശികളെ പോലീസ് തടഞ്ഞത്.
അതേസമയം, പത്തനംതിട്ടയില്‍ ഇറ്റലിയില്‍ നിന്നെത്തിയ വ്യക്തിക്ക് കൊവിഡ് 19 ലക്ഷണങ്ങളുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഇദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. തൃശൂരിലും കണ്ണൂരിലും രോഗബാധ കണ്ടെത്തിയ വ്യക്തികളുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇറ്റലിയില്‍ നിന്നെത്തിയ വ്യക്തിയെ രണ്ടുദിവസം മുന്‍പാണ് നിരീക്ഷണത്തിനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് 19ന് സമാനമായ രോഗലക്ഷണങ്ങളുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണ്.
കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗിക്കൊപ്പം നിരീക്ഷണത്തിലായ മറ്റുള്ളവര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല. ജില്ലയില്‍ നിലവില്‍ 45 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലും 260 പേര്‍ വീടുകളിലുമായാണ് നിരീക്ഷണത്തിലുള്ളത്. 15 പേരുടെ ഫലങ്ങള്‍ ഇനി ലഭിക്കണം.