കൊച്ചി: കൊവിഡ് പരിശോധനയുടെ മറവില്‍ പോലീസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് മുനമ്പം പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന കോഴിക്കോട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ വൈശാഖിന്റെ പരാതിയിലാണ് കോടതി ഇടപെടല്‍.
മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാം. എന്നാല്‍ ആരെയും ശാരീരികമായി ഉപദ്രവിക്കരുതെന്ന് കോടതി വ്യക്തമാക്കി. ആരോടും അപമര്യാദയായി പെരുമാറരുതെന്നും കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഏപ്രില്‍ 16ന് രണ്ട് പോലീസുകാര്‍ മുനമ്പം സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കി.