KeralaNews

മയക്കുമരുന്നുകേസില്‍ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് പൊലീസ് ; കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന്‌ കമ്മിഷണർ

തിരുവനന്തപുരം: ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് കൊച്ചി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാർട്ടിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലുള്ളവർക്ക് കേസിൽ പങ്കില്ലെന്നാണു പ്രാഥമിക നിഗമനമെന്നും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തിയതിന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായിരുന്നു. ഈ ഹോട്ടലിൽ ഇവരെ സന്ദർശിച്ചെന്ന പേരിലാണ് നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് സംഘം ചോദ്യം ചെയ്തത്. ഓംപ്രകാശിനെക്കുറിച്ചും ലഹരി പാർട്ടിയെക്കുറിച്ചും അറിയാതെയാണു ഹോട്ടലിൽ എത്തിയതെന്നാണു പ്രയാഗയുടെ മൊഴി.

പ്രയാഗ അടക്കം പൊലീസ് ചോദ്യം ചെയ്ത പലരും പ്രതികളെ സംരക്ഷിക്കുന്ന മൊഴികളല്ല പൊലീസിനു നൽകിയത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രീനാഥ് ഭാസിയും പ്രയാഗയും രക്ത പരിശോധനയ്ക്കു തയാറായിരുന്നെങ്കിലും പൊലീസ് ഒഴിവാക്കി.

കൊച്ചിയിൽ ഓംപ്രകാശും ഷിഹാസും പതിവായി തങ്ങുന്ന സ്ഥലങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. വൻകിട ലഹരിക്കച്ചവടങ്ങൾക്കും പാർട്ടികൾക്കും വേണ്ടി മാത്രമാണ് ഓംപ്രകാശും ഷിഹാസും നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ മുറിയെടുക്കാറുള്ളത്. ഇവർക്കു സ്വാധീനമുള്ള ആഡംബര ഫ്ലാറ്റുകളിലാണ് സാധാരണ ദിവസങ്ങളിൽ ലഹരിപാർട്ടി സംഘടിപ്പിക്കുന്നത്.

ലഹരിപാർട്ടികളിൽ നിന്നു ലഭിക്കുന്ന തുകയുടെ 10 മുതൽ 20 ശതമാനം വരെ പാർപ്പിട സമുച്ചയ അസോസിയേഷൻ ഭാരവാഹികൾക്കു ‘കപ്പം’ നൽകിയാണ് ഇവർ നിശാപാർട്ടികൾക്കു വേദി ഒരുക്കുന്നത്. ഇതിൽ രണ്ടിടങ്ങളിൽ ഓംപ്രകാശിനും ഷിഹാസിനും സ്വന്തമായും വാടകയ്ക്കും ഫ്ലാറ്റുകളുണ്ടെന്നും പൊലീസ് കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker