KeralaNews

കാഫിര്‍ പോസ്റ്റ് വ്യാജം, നിര്‍മ്മിച്ചത് യൂത്ത്‌ലീഗ് നേതാവല്ല;സിപിഐഎം നേതാവ് കെ കെ ലതികയുടെ ഫോണ്‍ പരിശോധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പോസ്റ്റര്‍ പുറത്തിറക്കിയത് യൂത്ത് ലീഗ് നേതാവ് അല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. യൂത്ത്‌ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിം അല്ല പോസ്റ്റ് നിര്‍മിച്ചത് എന്നാണ് സര്‍ക്കാര്‍ ഹൈക്കൊടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രചാരണവേളയില്‍ കാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിച്ചത്. അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന സിപിഐഎം അനുഭാവമുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നത്. അപ്‌ലോഡ് ചെയ്ത് കാല്‍മണിക്കുറിനുള്ളില്‍ പോസ്റ്റ് നീക്കം ചെയ്തുവെങ്കിലും അതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.

പ്രഥമദൃഷ്ട്യ നടത്തിയ അന്വേഷണത്തില്‍ കാസിം കുറ്റം ചെയ്തതായി കരുതുന്നില്ല എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. കേസില്‍ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാസിമിന്റെയും സിപിഐഎം നേതാവ് കെ കെ ലതികയുടെയും ഫോണ്‍ പരിശോധിച്ചിരുന്നു. കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സംഭവത്തില്‍ പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക് പ്രൊഫൈലുകള്‍ക്ക് എതിരെ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഈ പേജുകളിലാണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്ന് പൊലീസ്. ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും. സൈബര്‍ ടീമിന്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുന്നു എന്നും പൊലിസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button