പ്രഗ്നൻസി കിറ്റിൽ ഹാർപിക് ഒഴിച്ച് ചുവന്ന വര വീഴ്ത്തും,ഗർഭിണിയാണെന്ന് പറഞ്ഞ് ഭീഷണി, പോലിസുകാരെ തേൻ കെണിയിൽ വീഴ്ത്തിയ അശ്വതിയുടെ തന്ത്രങ്ങളിങ്ങനെ
കൊച്ചി:പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് ട്രാപ്പിലാക്കി കുടുംബജീവിതം തകർത്ത് പണം തട്ടിയ കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതിയുടെ പദ്ധതി ആരെയും അമ്പരപ്പിക്കുന്നത്. കെണിയൊരുക്കിയ യുവതി പ്രധാനമായും ലക്ഷ്യം വച്ചത് പൊലീസ് ഉദ്യോഗസ്ഥരെ ആയിരുന്നു. പൊലീസുകാരെ തേൻകെണിയിൽപെടുത്തി പണം തട്ടിയെടുക്കുക എന്നതായിരുന്നു യുവതിയുടെ ലക്ഷ്യം. സമൂഹമാധ്യമങ്ങൾ വഴിയാണ് യുവതി പോലീസുകാരോട് അടുക്കുന്നത്. പ്രണയം നടിച്ച് ഇവരെ വലയിലാഴ്ത്തും.
പരിചയപ്പെടുന്നവരുമായി യുവതി തന്നെ മുൻകൈ എടുത്ത് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടും. ശേഷം ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തും. പലരും പണം നൽകി തടിതപ്പും. എതിർക്കുന്നവരുടെ ഭാര്യമാരെ വിളിച്ച് കുടുംബജീവിതം തകർക്കും.
പോലീസുകാർ തന്റെ കെണിയിൽ വീണ് കഴിഞ്ഞുവെന്ന് ഉറപ്പായാൽ വീഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപെടുത്തി പണം തട്ടും. തയ്യാറാകാത്തവരുമായി തർക്കത്തിൽ ഏർപ്പെടും. ഗർഭിണിയാണെന്ന് പറയും. തെളിയിക്കാൻ വെല്ലുവിളിക്കുന്നതോടെ പ്രഗ്നൻസി കിറ്റുമായി അശ്വതി ടൊയ്‌ലറ്റിലേക്ക് കയറി ഹാർപ്പിക് ഒഴിച്ച് ചുവന്ന അടയാളവുമായി കെണിയിൽ വീണ പോലീസ് ഉദ്യോഗസ്ഥനെ കാണിക്കുന്നു. ഇത് കണ്ട് സത്യമെന്ന് കരുതി പലരും ചോദിക്കുന്ന പണം നൽകുന്നു. മെഡിക്കൽ റിപ്പോർട്ട് വേണമെന്ന് പറയുന്ന പൊലീസുകാരെ വിശ്വസിപ്പിക്കാൻ തന്റെ സുഹൃത്ത് വഴി വ്യാജ പ്രഗ്നന്സി റിപ്പോർട്ട് ഉണ്ടാക്കുന്നു.
കൊല്ലം സ്വദേശിയായ എസ്‌ഐ, ആലപ്പുഴയിലെ ഒരു എസ്‌ഐ, ദൂരദർശനിലെ ഒരുക്യാമറാമാൻ എന്നിവരെ ഇത്തരത്തിൽ കുടുക്കിയതായി വിവരമുണ്ട്. യുവതിയുടെ കെണിയിൽ വീണ ചിലർ ലക്ഷങ്ങളാണ് നൽകിയത്. കഴിഞ്ഞ വര്‍ഷം നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ക്ക് അടുപ്പമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരേ ഇവര്‍ പീഡനപരാതി നല്‍കി. പരാതി പ്രകാരം മ്യൂസിയം പൊലീസ് എസ്‌ഐക്കെതിരേ കേസ് എടുത്തു. ഈ യുവതിയുടെ കെണിയിൽ വീണ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തതോടെ വിശദമായ അന്വേഷണത്തിന് ഇന്റലിജന്‍സ് എഡിജിപി ടി.കെ. വിനോദ്കുമാര്‍ ഉത്തരവ് ഇടുകയായിരുന്നു.
ആലപ്പുഴ സ്വദേശിയായ ഒരു പൊലീസ് ഓഫീസറില്‍നിന്ന് ഇവര്‍ ആറു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി ഉയര്‍ന്നിരുന്നു. ഈ യുവതിക്ക് സഹായിയായി ഒപ്പം നില്‍ക്കാന്‍ ഒരു നഴ്സും സന്തത സഹചാരിയായ യുവാവുമുണ്ട്. ഇവരെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പരിചയമില്ലാത്തവരുടെ റിക്വസ്റ്റ് സ്വീകരിക്കരുതെന്നും ഇവരുമായി സൗഹൃദം പാടില്ലെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പുള്ളപ്പോഴാണ് നിരവധി ഉദ്യോഗസ്ഥര്‍ തന്നെ സമാനരീതിയിൽ ഹണിട്രാപ്പില്‍ കുടുങ്ങിയത് എന്നതും ശ്രദ്ധേയമാണ്.
പൊലീസിന്റെ ഹൈടെക് സെല്‍ അന്വേഷണത്തില്‍ ആണ് യുവതിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.