മോഹൻ ബാബുവും മകനും തമ്മിലുള്ള തർക്കം ചിത്രീകരിച്ചു; മാധ്യമപ്രവർത്തകനെ ആക്രമിച്ച് നടൻ
ഹൈദരാബാദ്: മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ തെലുഗു നടന്‍ മോഹന്‍ ബാബുവിനെതിരേ പോലീസ് കേസെടുത്തു. ജാല്‍പള്ളിയിലെ വസതിയില്‍ വെച്ച് ചൊവ്വാഴ്ചയാണ് നടന്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുന്നത്. മോഹന്‍ ബാബുവും മകനും നടനുമായ മഞ്ജു മനോജും തമ്മില്‍ രൂക്ഷമായ തര്‍ക്കമുടലെടുത്തിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയപ്പോഴാണ് സംഭവം.
നേരത്തേ മോഹന്‍ ബാബുവും മകനും തമ്മിലുള്ള തര്‍ക്കം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. അതിനിടെയാണ് മോഹന്‍ ബാബു മാധ്യമപ്രവര്‍ത്തകനോട് ആക്രോശിക്കുന്നത്. മോഹന്‍ ബാബു അസഭ്യം പറഞ്ഞെന്നും ക്യാമറ തകര്‍ക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
മനോജും ഭാര്യ മൗനികയും ചൊവ്വാഴ്ച മോഹന്‍ ബാബുവിന്റെ വസതിയിലെത്തിയതുമുതലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. ഇത് രൂക്ഷമായ വാക്‌പോരിലേക്ക് വഴിവെച്ചു. തന്റെ മക്കള്‍ വീടിനകത്തുണ്ടെന്ന് മനോജ് പറഞ്ഞെങ്കിലും സെക്യൂരിറ്റി ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. പിന്നാലെ മനോജിന്റെ സ്റ്റാഫംഗങ്ങളിലൊരാള്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടന്നു.
പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ വസതിയുടെ മുന്‍വശത്തെത്തിയ മോഹന്‍ ബാബു സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിച്ചു. അസഭ്യം പറയുകയും ക്യാമറ തകര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. തലയ്ക്ക് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.