തിരുവനന്തപുരം: മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ നിങ്ങള്‍ ഇനി ഭയപ്പെടേണ്ട. പോലീസ് സ്റ്റേഷനില്‍ നിന്നു പാസ് ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. മറ്റു ജില്ലകളിലേക്കുള്ള യാത്രയ്ക്ക് അതാത് പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പാസ് നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വിവാഹ ചടങ്ങുകള്‍, ജോലി സംബന്ധമായ യാത്രകള്‍, കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികള്‍, കുടുങ്ങി കിടക്കുന്ന കുടുംബാംഗങ്ങളെ വീട്ടില്‍ എത്തിക്കുക, വീട്ടിലേക്കു മടങ്ങുന്നവര്‍, ശവസംസ്‌കാര ചടങ്ങുകള്‍, മെഡിക്കല്‍ എമര്‍ജന്‍സി തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് പാസ് അനുവദിക്കുക. അപേക്ഷയോടൊപ്പം ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി തുടങ്ങിയവ കൈവശം കരുതണം. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു ജില്ല വിട്ടുള്ള യാത്രയ്ക്ക് പാസ് ആവശ്യമില്ല.
പോലീസിന്റെ വെബ്സൈറ്റ്, സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ കേരള ഫേസ്ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസിന്റെ മാതൃകയുടെ പ്രിന്റ് ഔട്ട് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇ-മെയില്‍ വഴിയും അതാത് പോലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം.
മെഡിക്കല്‍ എമര്‍ജന്‍സി അല്ലാത്ത യാത്രയ്ക്ക് വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴു വരെയുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുന്നതിനാല്‍ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴു വരെ യാത്ര ചെയ്യാന്‍ സാധിക്കുക. പാസിന്റെ മാതൃക http://tiny.cc/4r9eoz എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.