ശ്രീറാം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷിക്കും; അന്വേഷണ സംഘത്തില്‍ നര്‍കോട്ടിക് സെല്‍ എ.സി.പിയേയും ഉള്‍പ്പെടുത്തി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ ഐ.എസ്.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് അന്വേഷിക്കും. എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ തിരുവനന്തപുരം സിറ്റി നര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയിലിനെയും ഉള്‍പ്പെടുത്തി. ക്രൈംബ്രാഞ്ച് എ.സി.പി എ.ഷാനവാസ്, വിഴിഞ്ഞം കോസ്റ്റല്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ. അജീഷ്ചന്ദ്രന്‍ നായര്‍, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഇന്‍സ്പെക്ടര്‍ എസ്.എസ്. സുരേഷ്ബാബു എന്നിവരും സംഘത്തിലുണ്ട്.
ചീഫ് സെക്രട്ടറി ടോം ജോസ് സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം രക്തപരിശോധന വൈകിയതടക്കമുള്ള വീഴ്ചകള്‍ക്കു മ്യൂസിയം സ്റ്റേഷനിലെ എസ്.ഐ: വി. ജയപ്രകാശിനെ സസ്പെന്‍ഡ് ചെയ്തു. നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജറി തീവ്രപരിചരണവിഭാഗത്തിലാണു ശ്രീറാം. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നു വാദം കേള്‍ക്കും.