ബെംഗലൂരു:സേവനം വൈകിയതിനെ തുടർന്ന് സോമാറ്റോ ഡെലിവറി ബോയ് തന്നെ ആക്രമിച്ചുവെന്ന് വ്യാജ ആരോപണം ഉന്നയിച്ച ഹിതേഷ എന്ന യുവതിക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു . ബെംഗളൂരു ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ സ്റ്റാറും മേക്കപ്പ് ആർട്ടിസ്റ്റുമായ യുവതിയാണ് വ്യാജ ആരോപണം ഉന്നയിച്ചത്.
ഡെലിവറി ബോയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തെറ്റായ ആരോപണം, ആക്രമണം, മനപൂർവ്വം അപമാനിക്കൽ, കുറ്റകരമായ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഹിതേഷ ചന്ദ്രനിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പ്രാദേശിക പോലീസ് പറഞ്ഞു. മാർച്ച് ഒൻപതിന് ചന്ദ്രനി തന്നെ ചെരിപ്പുകൊണ്ട് അടിച്ചുവെന്നും തന്നെ അപകീർത്തിപ്പെടുത്തിയെന്നും തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതായും കാമരാജ് പരാതിപ്പെട്ടിരുന്നു.
മാർച്ച് 10 ന് കാമരാജിനെ പോലീസ് അറസ്റ്റ് ചെയ്തതിന് കാരണമായ വൈറലായ തന്റെ വീഡിയോ ട്വിറ്ററിൽ നിന്ന് ചന്ദ്രനി ഡിലീറ്റ് ചെയ്തു. എന്നാൽ അതേ വീഡിയോ ഇപ്പോഴും ഇൻസ്റ്റാഗ്രാമിൽ ഉണ്ട്, 21 ദശലക്ഷത്തിലധികം വ്യൂകൾ ആണ് അതിനുള്ളത്. എന്നാൽ അവർ എല്ലാ പോസ്റ്റുകളിലെയും കമന്റുകൾ ഡിസേബിൾ ആക്കിയിരിക്കുകയാണ്. ഡെലിവറി ബോയ്‌ക്കു പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തിയത്.