
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ സെക്‌സ് റാക്കറ്റിനെ തകര്‍ത്ത് പോലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 23 പേരെ സെക്സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് രക്ഷപെടുത്തി. മൂന്ന് പെണ്‍കുട്ടികളും പത്ത് നേപ്പാള്‍ സ്വദേശികളും ഉള്‍പ്പെടെയുള്ള ഇരകളെയാണ് പൊലീസ് വന്‍ ഓപ്പറേഷനില്‍ മോചിപ്പിച്ചത്. ഡല്‍ഹി പഹര്‍ഗഞ്ച് കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്.
നേപ്പാളിന് പുറമെ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനക്കാരായ സ്ത്രീകളെയാണ് മനുഷ്യക്കടത്തിന് വിധേയമാക്കി ഡല്‍ഹിയില്‍ എത്തിച്ച് സെക്സ് റാക്കറ്റിന്റെ ഭാഗമാക്കിയിരുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നര്‍ഷെഡ് ആലം (21), എംഡി രാഹുല്‍ ആലം (22), അബ്ദുള്‍ മന്നന്‍ (30), തൗഷിഫ് റെക്സ, ഷമീം ആലം (29), എംഡി ജറുള്‍ (26), മോനിഷ് (26) എന്നിവരാണ് അറസ്റ്റിലായത്.
പഹര്‍ഗഞ്ചില്‍ കെട്ടിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘം നഗരത്തിലെ ഹോട്ടലുകളിലേക്ക് സ്ത്രീകളെ എത്തിച്ച് നല്‍കുന്ന തരത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് സംഘത്തെ വലയിലാക്കിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്ഥിരീകരിച്ചതോടെ ഒരേ സമയം പല ഇടങ്ങളില്‍ ഒന്നിച്ച് പരിശോധന നടത്തിയതോടെയാണ് സംഘം കുടുങ്ങിയത്. സ്‌കൂട്ടറുകളിലായിരുന്നു വിവിധ ഇടങ്ങളിലേക്ക് ഇവര്‍ സ്ത്രീകളെ എത്തിച്ചിരുന്നത് എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.