
ചാരുംമൂട്: രാത്രി സമയം അലക്ഷ്യമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ കേസിൽ വാഹനങ്ങളും പ്രതികളും പൊലീസ് പിടിയിൽ. പാലമേൽ സ്വദേശികളായ രഘു (50), സുരേഷ് കുമാർ (45) എന്നിവരുടെ മരണത്തിനിടയാക്കിയ അപകടങ്ങൾക്കു ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞ കൃഷ്ണപുരം കൊച്ചുമുറി സൗത്തിൽ കൊച്ചുവീട്ടിൽ തെക്കെതിൽ സനീർ (36) വള്ളികുന്നം കടുവിനാൽ മുറിയിൽ നഗരൂർവീട്ടിൽ ജയ് വിമൽ (41) എന്നിവരെയാണ് നൂറനാട് സി ഐ എസ് ശ്രീകുമാറും സംഘവും പിടികൂടിയത്.
സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെയായിരുന്നു അപകടങ്ങൾ നടന്നത്. ഫെബ്രുവരി 8 -ാം തീയതി രാത്രി നൂറനാട് മാവിള ജംഗ്ഷനിൽ ആയിരുന്നു ആദ്യത്തെ അപകടം. വീട്ടിലേക്ക് സൈക്കിളിൽ മടങ്ങിയ പാലമേൽ ഉളവുക്കാട് രെജുഭവനത്തിൽ രഘുവിനെ പൾസർ ബൈക്കിൽ അലക്ഷ്യമായി വന്ന സനീർ ഇടിച്ചിട്ട ശേഷം ഹെഡ്‌ലൈറ്റ് ഓഫ് ചെയ്ത് കടന്നു കളയുകയായിരുന്നു. പിന്നീട് 80 ഓളം സി സി ടി വി കാമറകൾ പരിശോധിച്ച ശേഷം ചാരുംമൂട് ഭാഗത്ത് നിന്നാണ് സനീറിനെ പിടികൂടിയത്.
5 ദിവസം മുമ്പായിരുന്നു രണ്ടാമത്തെ സംഭവം. രാത്രി 11 മണിയോടെ റോഡിന്റെ സൈഡിൽ കൂടി നടന്ന് പോയ മൂകനും ബധിരനുമായ പാലമേൽ പണയിൽ മുറിയിൽ ജയഭവനം വീട്ടിൽ സുരേഷ് കുമാറിനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയ ജയ് വിമലിനെ അപകടം നടന്ന മൂന്നാം ദിവസം വിദഗ്ധമായി പിടികൂടുകയായിരുന്നു. അപകട സ്ഥലത്ത് നിന്നും ലഭിച്ച വാഹനത്തിന്റെ പാർട്സുകൾ കേന്ദ്രീകരിച്ചും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാളെയും ഇയാൾ ഓടിച്ചിരുന്ന ബൊലേറോ വാഹനവും പൊലീസ് കണ്ടെത്തിയത്.
പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു നടത്തിയ അന്വേഷണത്തിലാണ് തെളിയിക്കപ്പെടാതെ പോകുമായിരുന്ന രണ്ടു വാഹനാപകട കേസുകൾ കണ്ടുപിടിച്ചത്. പ്രതികളെയും ഇരു വാഹനങ്ങളും കോടതിയിൽ ഹാജരാക്കി. എസ് ഐമാരായ എസ് നിതീഷ്, ഗോപാലകൃഷ്ണൻ, എസ് സി പി ഒമാരായ സിജു, രജീഷ്, രജനി സി പി ഒ മാരായ മനുകുമാർ, വിഷ്ണു വിജയൻ, ജയേഷ്, പ്രശാന്ത്, മണിലാൽ, ജംഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെയും വാഹനവും പിടികൂടിയത്. ഇരു വാഹനങ്ങളും കോടതിയിൽ ഹാജരാക്കി.