തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് പൊലീസ് കോടതിയിൽ. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് (മൂന്ന്) രാഹുലിനെ ഹാജരാക്കിയത്.
ആക്രമണത്തിൽ രാഹുലിന് പങ്കുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. സംഭവ സമയം രാഹുൽ സ്ഥലത്തുണ്ടായിരുന്നു. അക്രമത്തിന് രാഹുൽ പ്രോത്സാഹനം നൽകി. ജാമ്യം നൽകിയാൽ അക്രമത്തിന് പ്രോത്സാഹനമാകും. വിഡിയോ ദൃശ്യങ്ങളിൽ രാഹുൽ നടത്തിയ അക്രമം വ്യക്തമാണ്. സമാനമായ കേസിൽ രണ്ട് അറസ്റ്റ് കൂടി രേഖപ്പെടുത്താനുണ്ട്. രാഹുലിന്റെ വീട്ടിൽ പോയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും പൊലീസ് അറിയിച്ചു.
രാഷ്ട്രീയ പ്രതിഷേധമാണ് നടന്നതെന്ന് രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഹുൽ അല്ലെന്നും കോടതിയെ അറിയിച്ചു. സമാധാനപരമായ സമരത്തിനാണെത്തിയതെങ്കിൽ എന്തിനാണ് പട്ടികയുമായി വന്നതെന്ന് കോടതി ചോദിച്ചു. സമീപത്തെ ഫ്ലക്സിൽ നിന്നെടുത്ത പട്ടികയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി.
ഇന്നു രാവിലെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെ പത്തേകാലിന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു റജിസ്റ്ററിൽ ഒപ്പിടീച്ച ശേഷം വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയിൽ രാഹുലിനോടു മാധ്യമ പ്രവർത്തകർ സംസാരിക്കാൻ ശ്രമിച്ചതു പൊലീസ് തടഞ്ഞു. രാഹുലിനെ പിടിച്ചു തള്ളി ജീപ്പിലേക്കു കയറ്റുകയായിരുന്നു.
രാവിലെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തതു മുതൽ പൊലീസുമായി സഹകരിക്കുന്ന തന്നെ ബലം പ്രയോഗിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നത് എന്തിനാണെന്നു രാഹുൽ ചോദിച്ചു. വൈദ്യ പരിശോധനയ്ക്കായി ഫോർട്ട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു വാഹനം തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. തുടർന്നാണ് കോടതിയിൽ ഹജരാക്കിയത്.