FeaturedKeralaNews

വോട്ടെണ്ണല്‍:മൂന്ന് ജില്ലകളിലെ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ,കൊല്ലത്ത് ഗതാഗത നിരോധനം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്ന ഇന്ന് വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിരോധനാജ്ഞ. 

കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം പൊതുയോഗമോ അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാനോ പാടില്ല. രാവിലെ 5 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് നിരോധനജ്ഞ. അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്‌നി സുരക്ഷ, സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും കലക്ടര്‍ അറിയിച്ചു.

കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പരിധിയിലും കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ 11, 15 വാര്‍ഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 100 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 10 മണി വരെ നിരോധനാജ്ഞ തുടരുമെന്ന് കലക്ടര്‍ അറിയിച്ചു. 

വയനാട്ടിലെ വോട്ടെണ്ണല്‍ കേന്ദ്രമായ മുട്ടില്‍ ഡബ്ല്യുഎംഎ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂളില്‍ നടക്കുന്ന വോട്ടെണ്ണലിന്റെ ഭാഗമായി ആല്‍ത്തറമൂട്-ലക്ഷ്മിനട റോഡില്‍ ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പൊതു ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. വാഹനങ്ങള്‍ ആല്‍ത്തറമൂട് ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് കഴ്സണ്‍ റോഡിലൂടെ ലക്ഷ്മിനട ഭാഗത്തേക്ക് പോകേണ്ടതാണ്. പുകയില പണ്ടകശാല മുതല്‍ സൂചിക്കാരന്‍ മുക്ക് വഴി വാടി വരെയുളള റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്ക് വരുന്ന ഉദ്യോഗസ്ഥര്‍ കഴ്സണ്‍ റോഡ് വഴി വന്ന് ട്രിനിറ്റി ലെയ്‌സിയം സ്‌കൂളിന്റെ പിന്‍ വശത്തെ ഗേറ്റ് വഴി ട്രിനിറ്റി സ്‌കൂള്‍ മൈതാനത്തോ റ്റി.ഡി റോഡിന്റെ വശങ്ങളിലോ വാഹനം പാര്‍ക്ക് ചെയ്ത് കൗണ്ടിംഗ് സെന്ററിന് എതിര്‍ വശത്തുള്ള മൊബൈല്‍ പോയിന്റില്‍ എത്തി കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ ഏല്‍പ്പിച്ചതിനു ശേഷം മാത്രം പ്രധാന കവാടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാപരിശോധനയ്ക്ക് വിധേയമായി കൗണ്ടിംഗ് സെന്ററിലേയ്ക്കുള്ള ഗേറ്റ് വഴി പ്രവേശിക്കണം.

കൗണ്ടിംഗ് സെന്ററിലേയ്ക്ക് എത്തിച്ചേരുന്ന അംഗീകൃത ഏജന്റുമാര്‍ ലക്ഷ്മിനട വഴി വന്ന് ഫാത്തിമാ റോഡില്‍ കടന്ന് കൗണ്ടിംഗ് സെന്ററിന് എതിര്‍ വശത്തുള്ള മൊബൈല്‍ പോയിന്റില്‍ എത്തി കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ ഏല്‍പ്പിച്ചതിനു ശേഷം മാത്രം പ്രധാന കവാടത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി കൗണ്ടിംഗ് സെന്ററിലേയ്ക്കുള്ള ഗേറ്റ് വഴി പ്രവേശിക്കണം. കൗണ്ടിംഗ് ഏജന്റുമാരുടെ വാഹനങ്ങള്‍ ലക്ഷ്മിനട ആല്‍ത്തറമൂട് റോഡില്‍ ലഭ്യമായ സ്ഥലത്തോ, വാടി പുകയില പണ്ടകശാല റോഡിലോ പാര്‍ക്ക് ചെയ്യണം എന്നും അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker