FeaturedHome-bannerKeralaNews

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാന്‍സലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതിനുള്ള ബില്‍ പാസാക്കി കേരള നിയമസഭ. അതേസമയം, ബില്ലിനെ എതിർത്ത പ്രതിപക്ഷം ഭേദഗതി നിർദേശിച്ചു. 14 സർവ്വകലാശാലകള്‍ക്കും 14 ചാന്‍സലർ വേണ്ട, എല്ലാ സർവ്വകലാശാലകള്‍ക്കും കൂടി ഒരു ചാന്‍സലർ മതിയെന്ന നിർദേശമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുന്നോട്ട് വെച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതി ചീഫ് ജസ്റ്റിസിനെയോ ചാൻസലറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചാൻസലർ നിയമനത്തിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കണം. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ ഇതില്‍ അംഗങ്ങളായിരിക്കണം. ഈ സമിതിയായിരിക്കണം ചാന്‍സലറെ നിയമിക്കുന്നതില്‍ തീരുമാനമെടുക്കേണ്ടതെന്ന നിർദേശവും പ്രതിപക്ഷം മുന്നോട്ട് വെച്ചു. അതേസമയം, ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിനിർമ്മാണമെന്നായിരുന്നു സർക്കാർ വിശദീകരണം.

ഗവർണർക്ക് പകരം വിദ്യാഭ്യാസ രംഗത്തെ പ്രഗൽഭരെ സർവകലാശാലകളുടെ ചാൻസലർ പദവിയില്‍ നിയമിക്കും. ഒരേ സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒരു ചാൻസലറാകും ഉണ്ടാവുക. വിസിമാരെ നിയമിക്കാനുള്ള സമിതിയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പകരം നിയമസഭാ സ്പീക്കറാവാമെന്നും സർക്കാർ വ്യക്തമാക്കി. ഒടുവില്‍ ഇത് പ്രതിപക്ഷവും അംഗീകരിച്ചു.

ചാൻസലർ സ്ഥാനത്തേക്ക് വിരമിച്ച ജഡ്ജിമാർ തന്നെ വേണമെന്ന് പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ സർക്കാർ തയ്യാറായില്ല. ഇതേ തുടർന്നായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്. ചരിത്രം മാപ്പ് നൽകില്ലെന്നായിരുന്നു പ്രതിപക്ഷ ബഹിഷ്കരണത്തിനുള്ള പി രാജീവിന്റെ പ്രതികരണം. മുസ്ലിം ലീഗാണ് ഗവർണ്ണറുടെ രാഷ്ട്രീയ നീക്കം ആദ്യം തിരിച്ചറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. എത്ര ചാൻസലർമാർ സംസ്ഥാനത്ത് വേണമെന്ന് ഇപ്പോൾ അന്തിമമായി തീരുമാനിച്ചിട്ടില്ല. ഓരോ സർവ്വകലാശാലയുടെയും നിയമം ഭേദഗതി ചെയ്യുമ്പോൾ അത് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെ ബില്‍ പാസാക്കി സഭ അനിശ്ചിതകാലത്തേക്ക് പിരഞ്ഞു.

അതേസമയം, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി സഭയിൽ വ്യക്തമാക്കിയത്. ഭരണം ഗവർണർ ഏറ്റെടുത്ത പ്രതീതിയാണ് കേരളത്തിലുണ്ടായത്. അങ്ങനെയൊരു ഏറ്റെടുക്കലിനെ അംഗീകരിക്കാനാവില്ല. യൂണിവേഴ്‌സിറ്റി ഭരണത്തിൽ സർക്കാരിനോട് ശക്തമായ വിയോജിപ്പുണ്ട്. അത് പ്രതിപക്ഷമെന്ന നിലയിൽ പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷേ സർക്കാരില്ലെങ്കിൽ പ്രതിപക്ഷവുമില്ല.

എല്ലാ കാര്യത്തിലും ഗവർണർ കയറി ഇടപെടുന്നത് ഇതിന് മുമ്പൊന്നും കാണാത്ത കാര്യമാണ്. അതിനെ അനുകൂലിക്കാൻ യാതൊരു നിർവ്വാഹവുമില്ല. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കണം. ഗവർണർ ഗവൺമെന്റിന്റെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കട്ടെ. സർക്കാരിന് മുകളിൽ മറ്റൊരു സർക്കാർ വേണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker