കൊച്ചി: മിനി കൂപ്പർ വാങ്ങി വിവാദത്തിൽപ്പെട്ട സിഐടിയു നേതാവ് പി കെ അനിൽ കുമാറിനെതിരെ കടുത്ത നടപടിയുമായി സിപിഎം. പി കെ അനിൽ കുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സിഐടിയുവിൻ്റെ ചുമതലകളിൽനിന്ന് അനിൽ കുമാറിനെ നീക്കാനും പാർട്ടി തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനിൽ കുമാറിനെതിരായ നടപടി സിപിഎം ഒരുപടി കൂടി കടുപ്പിച്ചത്. കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിനെതിരെയും നടപടിയുണ്ടായി. ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തുനിന്ന് ശ്രീനിജിനെ മാറ്റാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ആഡംബര വാഹനം വാങ്ങിയതും ഇത് ന്യായീകരിച്ചതും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി അനിൽ കുമാറിനെ യൂണിയൻ്റെ ചുമതലകളിൽനിന്നു നീക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിനു പിന്നാലെയാണ് സിപിഎം കടുത്ത നടപടിയിലേക്കു കൂടി കടന്നിരിക്കുന്നത്.
പ്രതിദിനം അന്‍പതിലേറെ പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിക്കുന്നത്.
സിപിഎമ്മിൻ്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് അനിൽ കുമാറിനെ പുറത്താക്കാനാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനം ഉണ്ടായിരിക്കുന്നത്. പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു അനിൽ കുമാർ. ടൊയോട്ട ഇന്നോവ, ഫോർച്യൂണർ തുടങ്ങിയ വാഹനങ്ങൾ ഉള്ളപ്പോഴാണ് ആഡംബര വാഹനമായ മിനി കൂപ്പർ കൂടി അനിൽ കുമാർ സ്വന്തമാക്കിയിരുന്നത്.
എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷ സ്ഥാനത്തുനിന്നാണ് പി വി ശ്രീനിജൻ എംഎൽഎയെ നീക്കിയത്. കൊച്ചിയിൽ നടന്ന കേരളാ ബ്ലാസ്റ്റേഴ്സ് അണ്ടർ 17 വിഭാഗത്തിലേക്കുള്ള സെലക്ഷൻ ട്രയൽ ശ്രീനിജൻ തടഞ്ഞത് വിവാദമായിരുന്നു.
പനമ്പിള്ളി നഗറിലെ സ്റ്റേഡിയത്തിന്റെ ഗേറ്റ് എംഎൽഎയുടെ നിർദേശപ്രകാരം നാലു മണിക്കൂർ പൂട്ടിയിടുകയായിരുന്നു. ഇതോടെ നൂറുക്കണക്കിന് കുട്ടികൾക്ക് റോഡരികിൽ കാത്ത് നിൽക്കേണ്ട അവസ്ഥയുണ്ടായി. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതോടെ കുട്ടികളോട് മാപ്പ് പറഞ്ഞ് ശ്രീനിജൻ രംഗത്തെത്തിയിരുന്നു. ഇതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് സൂചന. അതേസമയം എംഎൽഎ കൂടിയായ ശ്രീനിജൻ ഇരട്ടപ്പദവി വഹിക്കുന്നതിനാലാണ് നടപടിയെന്നാണ് സിപിഎം വിശദീകരണം.