കൊച്ചി:പിറവത്ത് കള്ളനോട്ട് അച്ചടി സംഘത്തെ പിടികൂടിയ സംഭവത്തില്‍ രക്ഷപ്പെട്ട പ്രധാന പ്രതിയെ അങ്കമാലിയില്‍ നിന്ന് പിടികൂടി. കള്ളനോട്ട് അച്ചടിക്ക് നേതൃത്വം നല്‍കിയ പത്തനംതിട്ട കോന്നി സ്വദേശി മധുസൂദനനെയാണ് അങ്കമാലിയില്‍വെച്ച് പൊലീസ് പിടികൂടിയത്.
മധ്യകേരളത്തിലെ വിവിധ ജില്ലകളില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന വന്‍ റാക്കറ്റ് പിറവത്ത് പിടിയിലായിരുന്നു. ആന്റി ടെററിസ്റ്റ് സ്‌ക്വാഡും പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് 6 പേരടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ഏഴരലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടിക്കാൻ ഉയോഗിക്കുന്ന ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.
ഉദയംപേരൂര്‍ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിലെ ആന്റി ടെറററിസ്റ്റ് സ്‌ക്വാഡ് നടത്തുന്ന അന്വേഷണത്തിനിടെയാണ് പിറവത്തും കള്ളനോട്ട് സംഘമുണ്ടെന്ന വിവരം ലഭിക്കുന്നത്. രണ്ടു ദിവസമായി പിറവം ഇലഞ്ഞിക്കലിലെ വീട് ഇവരുടെ നിരീക്ഷണത്തിലായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് എടിഎസ് ഉദ്യോസ്ഥര്‍ പൊലീസിന്റെ സഹായത്തോടെ വീടിനുള്ളില്‍ പ്രവേശിച്ച് പരിശോധന നടത്തുന്നത്. വീട്ടിനുള്ളില്‍ നിന്നും 7.57 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. നോട്ട് നിര്‍മ്മിക്കാനുപയോഗിച്ച അഞ്ച് പ്രിന്ററുകള്‍, ഫോട്ടോസ്റ്റാറ്റ് യന്ത്രം, നോട്ടെണ്ണുന്ന യന്ത്രം എന്നിവ കസ്റ്റഡിയിലെടുത്തു.
വണ്ടിപ്പെരിയാര്‍ സ്വദേശിയായ സ്റ്റീഫന്‍ ആനന്ദ്, നെടുങ്കണ്ടം സ്വദേശി സുനില്‍കുമാര്‍, കോട്ടയം സ്വദേശി ഫൈസല്‍, തൃശൂര്‍ പീച്ചി സ്വദേശി ജിബി എന്നിവരെ സംഭവസ്ഥലത്തുവെച്ച് അറസറ്റു ചെയ്തു. നിര്‍മ്മാണ കരാറുകാരെന്ന വ്യാജേന ഏഴുമാസം മുമ്പാണ് മദുസൂദനന്റെ പേരില്‍ വീട് വാടകക്കെടുക്കുന്നത്. തുടര്‍ന്നിങ്ങോട്ട് കള്ളനോട്ട് നിര്‍മ്മാണം നടന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
15ലക്ഷം രൂപയുടെ വ്യാജകറന്‍സി വിവിധയിടങ്ങളില്‍ ചിലവഴിച്ചിട്ടുണ്ടെന്ന് പിടിയിലായവര്‍ അന്വേഷണസംഘത്തിന് മോഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ കള്ളനോട്ടുകള്‍ വിപണിയിലെത്തിയിട്ടുണ്ടോയെന്ന സംശയം പൊലീസിനുണ്ട്. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.