തിരുവനന്തപുരം: സ്ത്രീധനം വാങ്ങി നടത്തുന്ന വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങളില്‍ കടുത്ത നടപടി സര്‍ക്കാര്‍ സ്വീകരിക്കും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമായി വിവാഹത്തിന് തയാറല്ലെന്ന് വധൂവരന്മാരും നിലപാടെടുക്കണം. സത്രീധനപീഡനത്തെ കുറിച്ച പരാതി ലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
മാനസയുടെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സൂക്ഷമത പോലീസ് പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രണയം നിരസിച്ചാല്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ പോലീസ് നടപടി സ്വീകരിച്ചുവരികയാണ്.
ഫേക്ക് ഐഡികളിലൂടെ പെണ്‍കുട്ടികളെ അപായപ്പെടുത്തുന്നവര്‍, പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കെതിരെ കടുത്ത ശിക്ഷയുണ്ടാകും. ഇതിനായി നിലവിലെ നിയമങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം വാങ്ങിയും നല്‍കിയുമുള്ള വിവാഹത്തില്‍ നിന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിട്ടുനില്‍ക്കണം. വരനും വധുവും സ്ത്രീധനം വേണ്ടെന്ന നിലപാട് എടുക്കണം. സ്ത്രീധന സംവിധാനത്തിനെതിരായി സാമൂഹികമായ എതിര്‍പ്പ് ഉയര്‍ന്ന് വരണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
മാനസയുടെ കൊലപാതകം ഞെട്ടിക്കുന്നതാണ്. മാനസ കേസില്‍ കൊലപാതകി ബീഹാറില്‍ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പോലീസിന്റെ മികവാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.