തിരുവനന്തപുരം: വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ കൊവിഡ് മാനദണ്ഡമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവര്‍ തയാറാകണമെന്നും ക്യാമ്പുകളില്‍ ആളുകള്‍ കൂട്ടംകൂടി ഇടപഴകാന്‍ പാടുള്ളതല്ലെന്നും അദ്ദേഹം അറിയിച്ചു.
ഒരു ക്യാമ്പില്‍ എത്ര ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് തിട്ടപ്പെടുത്തണമെന്നും കൂടുതല്‍ ആളുകളെ താമസിപ്പിക്കേണ്ടി വന്നാല്‍ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോട്ടയം കൂട്ടിക്കലും പരിസര മേഖലയിലും ഉണ്ടായത് ലഘുമേഘ വിസ്‌ഫോടനമെന്ന് പഠനം. കൊച്ചി സര്‍വകലാശാല അന്തരീക്ഷ പഠന കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഉപഗ്രഹ ചിത്രങ്ങളിലും ഇക്കാര്യം വ്യക്തമാകുന്നുണ്ട്. പീരുമേടിനു താഴെയുള്ള മേഖലയിലാണ് ശനിയാഴ്ച രാവിലെ മേഘവിസ്ഫോടനം ഉണ്ടായത്. മൂന്ന് മണിക്കൂറില്‍ അതിതീവ്ര മഴയാണ് പെയ്തത്.
അതേസമയം, സര്‍വനാശം വിതച്ച് കോട്ടയം ജില്ലയിലെ കൂട്ടിക്കലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലും മരിച്ച ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇളംകാട് സ്വദേശിയായ ഓലിക്കല്‍ ഷാലറ്റ്(29) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായിരുന്നു ഷാലറ്റ്. ഇതോടെ കൂട്ടിക്കല്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം നാലായി.