തിരുവനന്തപുരം: പി.പി. ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു മുന്നണി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. ഇപ്പോള്‍ നവീന്റെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ട സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് തെളിവ് ശേഖരണത്തിലാണ്. ആ അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുമുണ്ടാകില്ല. നവീന്റെ കുടുംബത്തോടൊപ്പമാണ് ഇപ്പോള്‍ നില്‍ക്കേണ്ടത്. മറിച്ചുള്ള പ്രസ്താവനകള്‍ എല്‍.ഡി.എഫ് നേതാക്കന്‍മാര്‍ നടത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പരസ്യമായി പ്രതികരിച്ചിരുന്നില്ല. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം എല്‍.ഡി.എഫ്. നേതാക്കള്‍ ശക്തമായ നിലപാടെടുത്തിരുന്നു. റവന്യു മന്ത്രി കെ. രാജന്‍ തുടക്കം മുതല്‍ നവീന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു. സി.പി.എം. പത്തനംതിട്ട ഘടകവും പി.പി. ദിവ്യക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തി. മന്ത്രി വീണ ജോര്‍ജും നവീനെതിരായ ദിവ്യയുടെ ആരോപണത്തെ തള്ളിക്കളഞ്ഞിരുന്നു.
പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ദിവ്യയെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യ ഇപ്പോഴും എവിടെയാണെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ സി.പി.എം. രാഷ്ട്രീയമായ പ്രതിരോധത്തിലാണ്. ഇതിനാല്‍ കൂടിയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് മുഖ്യമന്ത്രി മുന്നണി യോഗത്തില്‍ നിര്‍ദേശം നല്‍കിയത്.