KeralaNews

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചിട്ടില്ല; പരാതിയുമായി വനിതകൾ വന്നാൽ, ഏത് ഉന്നതനായാലും കുടുങ്ങും’

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശുപാർശകൾ അതീവ പ്രാധാന്യം നൽകി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. അതിനാൽ, റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഒരു പൂഴ്ത്തലും ഉണ്ടായിട്ടില്ല. റിപ്പോർട്ടിൽ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇത് പുറത്തുവിടാൻ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സർക്കാരിന് കത്ത് നൽകിയിരുന്നു. തങ്ങളുടെ കമ്മിറ്റി മുൻപാകെ സിനിമാ മേഖലയിലെ ചില വനിതകൾ നടത്തിയത് തികച്ചു രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്. ആയതിനാൽ യാതൊരു കാരണവശാലും താൻ അടങ്ങുന്ന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്തിൽ ആവർത്തിച്ചു പറഞ്ഞിരുന്നു.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന വിവരങ്ങൾ പങ്കിടാൻ കഴിയാത്ത സാഹചര്യത്തിൽ വിവരാവകാശ നിയമപ്രകാരം ജസ്റ്റിസ് ഹേമാ കമ്മിഷന്റെ പകർപ്പ് ആവശ്യപ്പെട്ട് അപേക്ഷകൾ സാംസ്കാരിക വകുപ്പിന്റെ മുഖ്യ വിവരാവകാശ ഓഫീസർക്ക് വന്നപ്പോൾ അദ്ദേഹം അത് നിരസിച്ചു. അതിനിടെ, റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിവരാവകാശ കമ്മിഷനെ സമീപിച്ചു. റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതകളെ ബാധിക്കുന്ന പരാമർശങ്ങളുള്ളതിനാൽ വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്ന് 2020- ഒക്ടോബർ 22ന് കമ്മിഷൻ ചെയർമാൻ വിൻസന്റ് എം പോൾ ഉത്തരവിട്ടു.

കമ്മിറ്റിയുടെ നിർദേശങ്ങളും പരിഹാര നടപടികളും പ്രത്യേക ഭാഗത്തായി നൽകിയിരുന്നില്ല. സാക്ഷി മൊഴികളും പരിശോധനാവിധേയമാക്കിയതിന്റെ ഭാഗമായിട്ടാണ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതുകൊണ്ട് വെളിപ്പെടുത്തേണ്ടത് ഏതെന്ന് വിഭജിച്ചെടുത്ത് ചൂണ്ടിക്കാട്ടുക അസാധ്യമാണെന്ന് നിരീക്ഷിക്കുക ചെയ്താണ് റിപ്പോർട്ട് വെളിപ്പെടുത്താൻ നിർവാഹമില്ലെന്ന് വിവരാവകാശകമ്മിഷൻ വ്യക്തമാക്കിയത്. ഈ ഉത്തരവിനെ ഓവർ റൂൾ ചെയ്താണ് റിപ്പോർട്ട് പരസ്യപ്പെടുത്താൻ സർക്കാർ നിർദേശം നൽകിയത്. സ്വകാര്യത ലംഘനമുള്ള ഭാഗങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പരസ്യപ്പെടുത്താനായിരുന്നു സർക്കാരിന്റെ നിർദേശം. ഇതിനിടെയാണ് ഒരു നിർമാതാവും പിന്നീട് ഒരു നടിയും കോടതിയെ സമീപിച്ചത്. നിയമതടസ്സമെല്ലാം അവസാനിച്ചതോടെ റിപ്പോർട്ട് പുറത്തുവിട്ടു.

സർക്കാരിന് ഇതിൽ ഒരൊറ്റ നയമേയുള്ളു. ബന്ധപ്പെട്ട മന്ത്രി അടക്കമുള്ളവർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവരുന്നത് ഒരു തരത്തിലും സർക്കാരിന് എതിർപ്പുള്ള കാര്യമല്ല. സ്റ്റെനോഗ്രാഫറുടെ സഹായം പോലുമില്ലാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സാക്ഷികൾ നൽകിയ പല കാര്യങ്ങളും അതീവ രഹസ്യ സ്വഭാവമുള്ളവയാണ്. അവ കമ്മിറ്റിയുമായി പങ്കുവെച്ചത് സാക്ഷികൾ തങ്ങളിൽ അർപ്പിച്ച വിശ്വാസം കൊണ്ടെന്നും കമ്മിറ്റി വ്യക്തമാക്കുന്നു. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് സ്വയം ടൈപ്പ് ചെയ്തത്. കമ്മിറ്റിക്ക് മുൻപാകെ വെളിപ്പെടുത്തിയ ഏതെങ്കിലും വിവരങ്ങൾ ചോർന്ന് വിവാദമാകുന്നത് തടയേണ്ടതിന്റെ അനിവാര്യത റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയിൽ നിന്നുള്ള നിരവധി വ്യക്തികൾ കമ്മിറ്റിക്ക് മുൻപാകെ ഉന്നയിച്ച വിവിധ ആരോപണങ്ങളുടെ സെൻസിറ്റീവ് സ്വഭാവവും അവ പരസ്യമായാൽ അവർ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രത്യാഘാതാങ്ങളും കണക്കിലെടുത്ത് സാക്ഷികളുടെ മൊഴികൾക്ക് പരിപൂർണ രഹസ്യാത്മക ഉറപ്പുവരുത്താൻ കമ്മിറ്റി ശ്രമിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കമ്മിറ്റി തന്നെ ഇത് പുറത്തുവിടാൻ പാടില്ലെന്ന നിർബന്ധത്തിലായിരുന്നു. സർക്കാരിന് ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യുകതന്നെ ചെയ്യും. ചലച്ചിത്ര മേഖലയിലെ എല്ലാതരം നിയമവിരുദ്ധ, സ്ത്രീവിരുദ്ധ പ്രവണതകളെ ശക്തമായി നേരിടും. നടി ആക്രമിക്കപ്പെട്ട കേസിൽ കേരള പോലീസ് എടുത്ത നിലപാട് പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ല. നടിമാർ നൽകുന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിലും പോലീസ് ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല.

റിപ്പോർട്ടിൽ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാർശ ജസ്റ്റിസ് ഹേമയുടെ കമ്മിറ്റി വെച്ചിട്ടില്ല. അതിനപ്പുറം മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ആവശ്യം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ച കേസുകളിൽ മുഖം നോക്കാതെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

ജസ്റ്റിസ് ഹേമ കമ്മിറ്റിറിപ്പോർട്ടുമായി ബന്ധപ്പെട്ട് മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയ്യാറായി മുമ്പോട്ട് വന്നാൽ സർക്കാരിൽ നിന്ന് ഉചിതമായ ഇടപെടൽ ഉണ്ടാകും. എത്ര ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിലും നിയമത്തിന് മുമ്പിൽ എത്തിക്കും. അതിൽ ഒരു തരത്തിലുള്ള സംശവും ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker