KeralaNews

മറുപടി പറയാമോ? പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസ്സിനോട് എട്ടു ചോദ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി

കൊച്ചി: പൗരത്വ ഭേദഗതി വിഷയത്തില്‍ കോണ്‍ഗ്രസ്സിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ടെന്നും എഐസിസി പ്രസിഡന്റ് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയതെന്തിനെന്നും പിണറായി ചോദിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ട്? ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ആളിപ്പടര്‍ന്ന 2019 ഡിസംബറില്‍ രാഹുല്‍ ഗാന്ധി എവിടെയായിരുന്നു? ബില്‍ അവതരിപ്പിച്ചപ്പോഴും തൊട്ടു പിന്നാലെയും അദ്ദേഹം പാര്‍ലമെന്റില്‍ ഹാജരായി നിലപാട് പറയാതിരുന്നത് എന്തുകൊണ്ടാണ്? പൗരത്വ ഭേദഗതി വിഷയത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ വിശാലമായ ഐക്യം രൂപപ്പെടുത്താന്‍ രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സ് എന്തുകൊണ്ട് മുന്‍കൈയെടുത്തില്ല?

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരങ്ങളില്‍ നിന്നും കോണ്‍ഗ്രസ്സ് ഏകപക്ഷീയമായി പിന്മാറിയത് സമരത്തിന്റെ കരുത്ത് കുറയ്ക്കാനായിരുന്നില്ലേ? യോജിച്ച സമരങ്ങളില്‍ പങ്കെടുത്ത കേരളത്തിലെ പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ അച്ചടക്കവാള്‍ ഓങ്ങിയത് ആരെ പ്രീതിപ്പെടുത്താനായിരുന്നു?

ഡല്‍ഹി കലാപസമയത്ത് ഇരകള്‍ക്കൊപ്പം നിന്നത് ഇടതുപക്ഷമായിരുന്നില്ലേ? സംഘപരിവാര്‍ ക്രിമിനലുകള്‍ ന്യൂനപക്ഷ വേട്ട നടത്തിയ ആ ഘട്ടത്തില്‍ കോണ്‍ഗ്രസ്സ് മൗനത്തിലായിരുന്നില്ലേ? എന്‍ഐഎ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയത് കോണ്‍ഗ്രസ്സും ബിജെപിയും ഒരുമിച്ചായിരുന്നില്ലേ? ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിടുന്ന ഈ നിയമഭേദഗതിക്കെതിരെ ലോക്‌സഭയില്‍ കേരളത്തില്‍നിന്നും വോട്ടു ചെയ്തത് സിപിഐഎം എംപി മാത്രമാണ് എന്നത് നിഷേധിക്കാനാകുമോ? തുടങ്ങിയ ചോദ്യങ്ങളാണ് പിണറായി കോണ്‍ഗ്രസ്സിനോട് ചോദിച്ചത്.

സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസ് ഒളിച്ചു കളിക്കുന്നുവെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി ദേശാഭിമാനി മാത്രം വായിച്ച് അഭിപ്രായം പറയരുതെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. മോദിയെ കാണുമ്പോഴെല്ലാം ആറന്മുള കണ്ണാടി സമ്മാനം നല്‍കി കയ്യില്‍ മുത്തം കൊടുക്കുന്നയാളാണ് പിണറായി വിജയന്‍. മോദിക്കെതിരെ കേസ് കൊടുക്കാന്‍ പിണറായിക്ക് ധൈര്യമില്ലെന്നും ഹസ്സന്‍ പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button