തിരുവനന്തപുരം : ഏഴര വര്‍ഷം കൊണ്ട് സംസ്ഥാനം സര്‍വ മേഖലയിലും അഭിവൃദ്ധിപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാറശ്ശാല മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
2016 ല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ വലിയ ബാധ്യതയായിരുന്നു സര്‍ക്കാരിന് മേല്‍. 2016 ന് മുന്‍പുള്ള അഞ്ച് വര്‍ഷം എല്ലാ മേഖലയിലും വലിയ തകര്‍ച്ചയാണ് സംഭവിച്ചത്. അഞ്ച് ലക്ഷം കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോയി. ആരോഗ്യമേഖലയിയാകെ കുത്തഴിഞ്ഞ സ്ഥിതിയായിരുന്നു. ഇവിടെ ഒന്നും നടക്കില്ല എന്ന തോന്നല്‍ ജനങ്ങള്‍ക്ക് വന്ന സമയത്താണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
ഒന്നും നടക്കില്ല എന്ന സ്ഥിതിയില്‍ നിന്നും എല്ലാം നടക്കും എന്ന നിലയിലേക്ക് കാര്യങ്ങള്‍ കുറച്ചു മാസങ്ങള്‍ കൊണ്ട് തന്നെ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.. ഭൂമി ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക സംസ്ഥാനം വഹിക്കാമെന്ന് സമ്മതിച്ചതിന്റെ ഭാഗമായി 5500 കോടി നല്‍കി ദേശീയ പാതാ വികസനം സാധ്യമാക്കി.
ഗെയില്‍ പൈപ്പ്‌ലൈൻ പദ്ധതിയും നിരന്തരശ്രമത്തിലൂടെ സര്‍ക്കാര്‍ നടപ്പാക്കി. കോവളം മുതല്‍ ബേക്കല്‍ വരെയുള്ള 600 കിലോമീറ്റര്‍ ജലപാത രാജ്യത്തെ തന്നെ ഏറ്റവും വലിയ ജലപാതയാവുകയാണ്. വൈകാതെ ഇത് പൂര്‍ത്തിയാവുമ്പോള്‍ വിനോദസഞ്ചാരത്തിനും നാടിനുമുണ്ടാക്കുന്ന മാറ്റം വളരെ വലുതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് യാഥാര്‍ഥ്യമാകുന്ന തീരദേശ ഹൈവേ ആളുകള്‍ക്ക് വലിയ പ്രയോജനമാകും. ഇതിലെല്ലാം അത്യാകര്‍ഷമായ ഭൂമിയേറ്റെടുക്കല്‍ പാക്കേജാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. മലയോര ഹൈവേയ്ക്കായി പതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. ഇത്തരം പദ്ധതികളെല്ലാം യാഥാര്‍ഥ്യമായത് കിഫ്ബിയിലൂടെയാണ്. കിഫ്ബിക്കെതിരെ വലിയ ആക്ഷേപങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നെങ്കിലും രാജ്യത്തെ തന്നെ ഏറ്റവും ധനകാര്യ വിശ്വസ്തത പുലര്‍ത്തുന്ന ഒന്നായി കിഫ്ബി മാറി. ഏഴര വര്‍ഷം കൊണ്ട് 83,000 കോടിയുടെ വികസനം കിഫ്ബി വഴി നടത്തി.
പത്ത് ലക്ഷത്തിലധികം കുട്ടികള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതുതായി എത്തി. ആര്‍ദ്രം മിഷനിലൂടെ വലിയ ശാക്തീകരണമാണ് ആരോഗ്യരംഗത്തുണ്ടായത്. ലോകത്തിന് തന്നെ കേരളം ആരോഗ്യരംഗത്ത് മാതൃകയായി. തരിശുരഹിത ഗ്രാമങ്ങളും മണ്ഡലങ്ങളും സംസ്ഥാനത്താകെ ഉയര്‍ന്നു വന്നു.
അത്തരമൊരു നേട്ടം വലിയ നിലയില്‍ ഉണ്ടാക്കിയ സ്ഥലമാണ് പാറശ്ശാല. പച്ചക്കറി കൃഷി ഉത്പാദനം സംസ്ഥാനത്ത് ഇരട്ടിയിലധികമായി. വൈകാതെ പച്ചക്കറികൃഷിയില്‍ നമ്മള്‍ സ്വയം പര്യാപ്തരാകും. ക്ഷീരമേഖലയിലും നാം സ്വയംപര്യാപ്തതയിലേക്ക് അടുക്കുകയാണ്. നല്ല പ്രതീക്ഷയോടെയാണ് വ്യാവസായിക മേഖല മുന്നേറുന്നത്. ഒരു വര്‍ഷം ഒന്നരലക്ഷത്തോളം സംരംഭങ്ങളാണ് വരുന്നത്. എല്ലാ മേഖലയും ഇതുപോലെ അഭിവൃദ്ധിപ്പെട്ടു. കേരളത്തിന്റെ മുഖഛായ മാറ്റുന്ന വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാരക്കോണം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയില്‍ സി. കെ ഹരീന്ദ്രന്‍ എം. എല്‍ എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജന്‍, സജി ചെറിയാന്‍, ആന്റണി രാജു എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ ജനങ്ങളില്‍ നിന്ന് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ സ്ഥാപിച്ച കൗണ്ടറുകള്‍ വഴി ആകെ 5662 നിവേദനങ്ങള്‍ ലഭിച്ചു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാര്‍ നിര്‍വഹിച്ചു. തിരുവനന്തപുരം സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ അനുരാജന്‍ വരച്ച ഛായാചിത്രവും ബോട്ടില്‍ ആര്‍ട്ട് രംഗത്ത് കഴിവ് തെളിയിച്ച വിദ്യാര്‍ഥിനി അക്ഷയ വരച്ച ബോട്ടില്‍ ആര്‍ട്ടും മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.