KeralaNews

ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കാന്‍ ബോധപൂര്‍വമായ ശ്രമമെന്ന് മുഖ്യമന്ത്രി

വര്‍ക്കല: ശ്രീനാരായണ ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരു പടര്‍ത്തിയ വെളിച്ചം മനുഷ്യമനസുകളെ മാറ്റിയെടുത്തു. എന്നാല്‍ മനുഷ്യ മനസിനെ വീണ്ടും കലുഷിതമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ കാലത്ത് ചില വിഭാഗങ്ങള്‍ സംഘടിതമായി നടത്തുന്നത്. ഇവിടെയാണ് ശ്രീനാരാണ ഗുരുവിന്റെ സന്ദേശങ്ങള്‍ വേണ്ടരീതിയില്‍ ഉള്‍ക്കൊള്ളുകയും അത് സ്വന്തം ജീവിതത്തിലും പൊതുജീവിതത്തിലും പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത.യഥാര്‍ത്ഥത്തില്‍ ഗുരുവിന്റെ സന്ദേശം മനുഷ്യ സ്‌നേഹമായിരുന്നു.

അതു കൊണ്ടാണ് ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകള്‍ മാറ്റിമറിച്ചു കൊണ്ട് ചിന്തിക്കാന്‍ ഗുരു പഠിപ്പിച്ചത്. മനുഷ്യന്റെ ജാതി മനുഷ്യത്വം എന്നാണ് ഗുരു പറഞ്ഞത്. എല്ലാ വിഭാഗീയ വേര്‍തിരിവുകള്‍ക്കുമതീതമായ മനുഷ്യത്വത്തിന്റെ മൂല്യങ്ങളെ സമൂഹത്തിനാകെ വലിയ തോതില്‍ വളര്‍ത്തിയെടുക്കേണ്ട കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യത്വപരമായ ചിന്തയും പ്രവൃത്തിയും മനുഷ്യന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ ഉതകണമെന്നാണ് ഗുരു കണ്ടത്. അതുകൊണ്ടുതന്നെയാണ് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ആ കാലത്ത് ശ്രീ നാരായണ ഗുരു പറഞ്ഞത്. അത് ജനങ്ങളെ പഠിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങളും അദ്ദേഹം ചെയ്തു. ഗുരുവിനെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രതീകമായി അവതരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ശ്രീനാരായണ ഗുരു മറുപടി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും വത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വിഭാഗക്കാര്‍ നമ്മെ അവരുടെ വിഭാഗത്തില്‍പ്പെട്ടവരായി വിചാരിക്കുന്നു. അക്കാരണത്താല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണത്തിന് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു.

നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. ഈ വസ്തുത പൊതു ജനങ്ങളുടെ അറിവിലേക്കായി പറയുന്നു’ എന്ന ശ്രീനാരായണ ഗുരുവിന്റെ തന്നെ വാക്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ചടങ്ങില്‍ കനിമൊഴി എംപി, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker