KeralaNews

നിക്ഷേപകർക്ക് ചില്ലിക്കാശ് പോലും നഷ്ടപ്പെടില്ല,സഹകരണ സ്ഥാപനങ്ങൾക്കുമേൽ കഴുകൻ കണ്ണുകൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ എങ്ങനെ കൈക്കലാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ ആലോചിക്കുന്നത്. സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തിയവര്‍ക്ക് ചില്ലിക്കാശ് പോലും നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട. മേഖലയുടെ സംരക്ഷണം സര്‍ക്കാര്‍തന്നെ ഉറപ്പുനല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലുള്ള ആളുകളാണ് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍. അതില്‍ പലരുടെയും കഴുകന്‍ കണ്ണെത്താന്‍ ഇടയാക്കിയിട്ടുണ്ട്. നിക്ഷേപം എങ്ങനെ കൈക്കലാക്കുമെന്നാണ് പലരും ആലോചിക്കുന്നത്. കേരളം ഇത്തരത്തിലൊരു പ്രത്യേകതയാര്‍ജിച്ചു നില്‍ക്കുന്നതിന് സഹകരണ മേഖലയുടെ അഭിവൃദ്ധി ഒരു ഘടകമാണ് എന്നും ഇവര്‍ കണക്കാക്കുന്നു. അതിന്റെ ഭാഗമായി മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ല. സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള കോടാനുകോടി രൂപയില്‍ ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടുമെന്ന ആശങ്ക ആര്‍ക്കും വേണ്ട. മേഖലയെ പൂര്‍ണമായി സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ തന്നെ ഉറപ്പുനല്‍കുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇവിടത്തെ നിക്ഷേപങ്ങള്‍ ചില മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലേക്ക് വലിക്കാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ പരസ്യങ്ങളില്‍ ആകൃഷ്ടരായി വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി കടുത്ത വിമര്‍ശനമുയര്‍ത്തി. ബി.ജെ.പി.യുടെ മുഖം വാടിക്കൂടാ എന്ന നിര്‍ബന്ധമാണ് കോണ്‍ഗ്രസിന്. ബി.ജെ.പി.ക്ക് അപ്രിയമുണ്ടാകാന്‍ പാടില്ലെന്ന നിര്‍ബന്ധം എന്തിനാണ് കോണ്‍ഗ്രസിന്? മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എം.പി.മാരുടെ യോഗം വിളിച്ച് കേരളത്തിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നടപടി വിശദീകരിച്ചു. ഈ വിഷയത്തില്‍ എല്ലാ എം.പി.മാരും യോജിച്ച് കേന്ദ്ര ധനമന്ത്രിയെക്കാണാനുള്ള തീരുമാനം കൈക്കൊണ്ടു. എന്നാല്‍, പിന്നീട് കേന്ദ്രത്തിന് നല്‍കാന്‍ തയ്യാറാക്കിയ നിവേദനത്തില്‍ പോലും ഒപ്പിടാന്‍ യു.ഡി.എഫ്. എം.പി.മാര്‍ തയ്യാറായില്ലെന്നും പിണറായി പറഞ്ഞു.

നിരവധി തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പി.യും ഒന്നിച്ചാണ്. കോണ്‍ഗ്രസിന് കേരളത്തിന് അകത്തും പുറത്തും വെവ്വേറെ നയങ്ങളാണ്. ബി.ജെ.പി. സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടുകള്‍ക്കെതിരെ നേരിയ തോതിലെങ്കിലും വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് എം.പി.യെക്കാണാന്‍ കഴിഞ്ഞോ? ബി.ജെ.പി.യെ തുറന്നുകാണിക്കാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂവെന്നും മുഖ്യമന്ത്രി.

ധൂര്‍ത്ത് ആരോപിച്ച് നവംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ‘കേരളീയം’ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിരിക്കുന്നത്. നാടിനെ അഭിവൃദ്ധിപ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ധൂര്‍ത്തിന്റെ പട്ടികയിലാണോ പെടുത്തേണ്ടത്? സര്‍ക്കാരിനൊപ്പം നിന്നില്ലെങ്കിലും നാടിനോടൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker