KeralaNews

കേരളം പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതല്ല, ഇവിടെ പൗരത്വഭേദഗതി നിയമം നടപ്പാക്കും: കെ. സുരേന്ദ്രൻ

കൊച്ചി: പൗരത്വഭേദഗതി നിയമത്തിന്റെ മറവില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളം പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതല്ല. സിഎഎ നമ്മുടെ നാട്ടില്‍ നിയമമായി കഴിഞ്ഞെന്നും കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍.

കേരളത്തിലെ മുസ്ലിം സമുദായത്തെ കബളിപ്പിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ പൗരന്‍മാര്‍ക്ക് വേണ്ടിയല്ല. പാക്കിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുവേണ്ടിയാണ്. അത് നമ്മുടെ രാജ്യത്തിന്റെ ബാധ്യതയാണ്. ആരുടെയും പൗരത്വം എടുത്തുകളയാന്‍ വേണ്ടിയല്ല ഈ നിയമമെന്ന് മനസിലാക്കിയിട്ടും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ആട്ടിയോടിക്കപ്പെട്ടവര്‍ക്ക് ഇവിടെ പൗരത്വം കൊടുക്കില്ലെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അതിന് ആരെങ്കിലും പൗരത്വത്തിന് പിണറായി വിജയനെ സമീപിച്ചിട്ടുണ്ടോയെന്നും പൗരത്വത്തിന്റെ കാര്യമെല്ലാം ജില്ലാ കളക്ടര്‍മാര്‍ ചെയ്തുകൊള്ളുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്താണ് കാര്യം. കേരളം പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതല്ല. സിഎഎ നമ്മുടെ നാട്ടില്‍ നിയമമായി കഴിഞ്ഞു. ഇനി ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. കൊല്ലത്ത് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് തുടങ്ങിയ ആളാണ് കേരള മുഖ്യമന്ത്രി. ഇന്ത്യയില്‍ ആദ്യമായി അനധികൃത കടന്നുകയറ്റക്കാരെ പാര്‍പ്പിക്കാന്‍ ക്യാമ്പ് തുടങ്ങിയത് കേരളത്തിലാണ്.

ആദ്യം സിഎഎ നടപ്പാക്കുന്ന സംസ്ഥാനവും കേരളമായിരിക്കും. മോദി സര്‍ക്കാരിന്റെ ഗ്യാരണ്ടിയാണ് സിഎഎ. വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. സിഎഎക്കെതിരെ കേരളത്തില്‍ സമരം ചെയ്യാന്‍ യുഡിഎഫിനും എല്‍ഡിഎഫിനും ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ മതത്തിന്റെ പേരില്‍ മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ല എന്നിരിക്കെ എന്തിനാണ് മുസ്ലിങ്ങളെയും സിഎഎയില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുന്നത്. ഇന്ത്യാ മുന്നണി വന്നാല്‍ സിഎഎ അറബിക്കടലില്‍ എറിയുമെന്നാണ് കെ. സുധാകരന്‍ പറയുന്നത്. എന്നാല്‍, രാഹുല്‍ഗാന്ധിയൊ മറ്റ് പിസിസി അദ്ധ്യക്ഷന്‍മാരോ എന്താണ് ഇങ്ങനെ പറയാത്തതെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker