KeralaNews

പിണറായിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. മമ്പറം പാലത്തിന് സമീപം സ്ഥാപിച്ച കട്ടൗട്ടാണ് നശിപ്പിച്ചത്. പിണറായിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയിലാണ്. സംഭവത്തില്‍ പിണറായി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള പോളിംഗ് ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് ആരംഭിക്കും. 131 മണ്ഡലങ്ങളില്‍ വൈകിട്ട് ഏഴുവരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകിട്ട് ആറു വരെയുമാണ് വോട്ടെടുപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 957 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്.13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെ 27446039 വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്.

40771 ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കൊങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുമണിവരെ മാത്രമാകും പോളിംഗ്. 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍വോട്ടാണ് ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് രോഗികള്‍ക്ക് അവസാനമണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഒന്നിലേറെ പ്രാവശ്യം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഒറ്റ വോട്ടുമാത്രം ചെയ്യുന്നത് ഉറപ്പാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളിലും മതിയായ സുരക്ഷാ സംവിധാനവും ഒരുക്കും. 59,292 പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്രസേനയും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലയ്ക്കുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button