KeralaNews

തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍- മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധം നയിച്ച കർഷകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

വിവാദമായ കാർഷിക നിയമങ്ങളും റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. കർഷക സമരം ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിർണായക പ്രഖ്യാപനം.

നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽകൂടിയാണ് കേന്ദ്രസർക്കാർ നിർണായക തീരുമാനമെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button