KeralaNews

പിറന്നാള്‍ ദിനത്തില്‍ ഉമ്മൻചാണ്ടിയെ കാണാൻ മാത്രം കൊച്ചിയിലെത്തി പിണറായി ; അരികിലെത്തി, സ്നേഹം പങ്കുവച്ചു, ഷാളണിയിച്ച് ആശംസ

കൊച്ചി: എൺപതാം വയസിലേക്ക് ചുവടുവച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആശംസ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെത്തി. ചികിത്സാർത്ഥം ആലുവയിൽ തങ്ങുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ച പിണറായി കുറച്ച് നേരം സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് മടങ്ങിയത്. ഉമ്മൻ ചാണ്ടിയെ ഷാളണിയിച്ച് ആശംസ അറിയിക്കാനും മുഖ്യമന്ത്രി മറന്നില്ല.

തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലെത്തിയാണ് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ കണ്ടത്. മറ്റ് പ്രത്യേക ചടങ്ങുകളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. രാവിലെ ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിറന്നാളാശംസ നേർന്നിരുന്നു. അതിന് ശേഷമാണ് കൊച്ചിയിൽ നേരിട്ടെത്തി കണ്ട് ആശംസ അറിയിക്കാൻ തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്.

 ചികിത്സയ്ക്ക് ജർമനിക് പോകുന്നത് നല്ലതാണെന്ന് ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മുഖ്യമന്ത്രി പറഞ്ഞു. എത്രയും വേഗം ചികിത്സക്കായി പോകണം എന്നും പൂർണ ആരോഗ്യവനായി തിരിച്ചെത്തിയിട്ട് വീണ്ടും കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞതായി മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

79 ാം പിറന്നാൾ ദിനത്തിൽ ഉമ്മൻചാണ്ടിക്ക് സാസ്കാരിക രാഷ്ട്രീയ കേരളത്തിലെ പ്രമുഖരെല്ലാം ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു. നടൻ മമ്മൂട്ടി അടക്കമുള്ളവർ ഉമ്മൻ ചാണ്ടിക്ക് ആശംസയുമായി നേരിട്ടെത്തിയിരുന്നു. സ്പീക്കർ എ എൻ ഷംസീർ, വ്യവസായി എം എ യൂസഫലി എന്നിവരും നേരിട്ടെത്തി ആശംസ അറിയിച്ചിരുന്നു. എൺപതിലേക്ക് കാലൂന്നിയ ജനകീയ നേതാവിന്‍റെ ഇത്തവണത്തെ പിറന്നാളും പതിവുപോലെ തന്നെ സാധാരണ നിലയിലുള്ളതായിരുന്നു.

പിറന്നാൾ ദിനത്തിൽ പുതുപ്പള്ളിയിലെ വീട്ടിലുണ്ടാകാറുള്ള ഉമ്മൻചാണ്ടി ഇത്തവണ കുടുംബത്തിനൊപ്പം ആലുവ സർക്കാർ ഗസ്റ്റ്ഹൗസിലാണെന്നു മാത്രം. ചികിത്സാർത്ഥമായുള്ള സൗകര്യത്തിനാണ് ആലുവയിൽ തങ്ങുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ നിർബന്ധത്തിൽ മധുരം പങ്കുവച്ച് ലളിതമായാണ് പിറന്നാൾ ആഘോഷിച്ചത്.

തന്‍റെ ആരോഗ്യസ്ഥിതിയുമായി ഉയർന്ന വിവാദത്തിൽ ഉമ്മൻ ചാണ്ടി വിശദീകരണവും നടത്തി. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. വിദഗ്ധ ചികിത്സയ്ക്കായി അടുത്തായാഴ്ച കുടുംബത്തിനൊപ്പം ഉമ്മൻചാണ്ടി ജർമനിയിലേക്ക് പോകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button