തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നുണ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിച്ച് കേരളീയരുടെ അന്നം മുടക്കാനാണ് ചെന്നിത്തല തയാറായതെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷം പ്രതികാര പക്ഷമാകരുതെന്ന് ആവശ്യപ്പെട്ടു.
ഇതൊന്നും സൗജന്യമല്ല. ജനങ്ങളുടെ അവകാശമാണ്. കൊവിഡ് കാലത്ത് പട്ടിണിയില്ലാതെ ജനങ്ങളെ കാക്കാന്‍ സാധിച്ചു. ഭക്ഷ്യ കിറ്റ് വിതരണം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയതല്ല. ഈസ്റ്റര്‍,വിഷു പ്രമാണിച്ചാണ് കിറ്റ് എപ്രില്‍ ആദ്യം നല്‍കുന്നത്.
പ്രതിപക്ഷ നേതാവ് തുടര്‍ച്ചയായി നുണ പറയുന്നത് നിര്‍ത്തണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായി തീരുമാനമെടുക്കണം. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും മുടക്കില്ല. മാര്‍ച്ച് മാസത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ നേരത്തെ തീരുമാനമെടുത്തതാണ്.
ഏപ്രില്‍ മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷനൊപ്പം മേയ് മാസത്തെ പെന്‍ഷന്‍ മുന്‍കൂര്‍ ആയി നല്‍കുന്നു എന്ന ചെന്നിത്തലയുടെ ആരോപണം തെറ്റാണ്. മാര്‍ച്ചിലെ പെന്‍ഷനാണ് നല്‍കുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. 26 ലക്ഷം പേര്‍ക്ക് നല്‍കി. 10.76 പേര്‍ക്ക് മാത്രമാണ് കോവിഡ് വന്നത്. ഇപ്പോഴും രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.