കൊച്ചി: ബോൾഗാട്ടി പാലസിൽ നടന്ന അലൻ വാക്കർ ഡി.ജെ.. ഷോയ്ക്കിടെ കവർന്ന ഫോണുകളിൽ ചിലത് ഡൽഹിയിലെ ചോർ ബസാറിലുണ്ടെന്ന് കണ്ടെത്തൽ. രണ്ട് ഫോണുകളുടെ സിഗ്നലുകളാണ് ഡൽഹിയിൽനിന്ന് ലഭിച്ചത്. മൂന്നുപേർ വീതം അടങ്ങുന്ന രണ്ട് അന്വേഷണ സംഘങ്ങൾ ഡൽഹിയിലേക്കും മുംബൈയിലേക്കും തിരിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ സിഗ്നലുകൾ ലഭിക്കുന്നില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
36 ഫോണുകളാണ് കൊച്ചിയിലെ ഷോയ്ക്കിടെ അപഹരിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണാണ്. ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയതിനാൽ ഐ ഫോണുകളുടെ ലൊക്കേഷൻ മാത്രമേ പോലീസിനു ലഭിച്ചിട്ടുള്ളൂ. സൈബർ പോലീസിനു പുറമേ ഫോൺ നിർമാണ കമ്പനിയുടെ സഹായത്തോടെയാണ് ലൊക്കേഷനെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. ഫോണുകളിൽ ചിലത് ഇപ്പോഴും സഞ്ചാരത്തിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഒക്ടോബർ നാലിന് ബെംഗളൂരുവിൽ നടന്ന അലൻ വാക്കർ ഷോയ്ക്കിടയിലും ഫോണുകൾ മോഷണം പോയിരുന്നു. എന്നാൽ കേസെടുത്ത് സംഭവം അന്വേഷിക്കാൻ കർണാടക പോലീസ് തയ്യാറായിരുന്നില്ല. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കഴിഞ്ഞദിവസം ബെംഗളൂരുവിലേക്ക് പോയി. ബെംഗളൂരുവിൽ അലൻ വാക്കറുടെ ഷോ നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു.
കൊച്ചിയിലേത് ആസൂത്രിത മോഷണമാകാൻ ഇടയില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പോലീസിന്റെ വിലയിരുത്തൽ. സംഗീതനിശയ്ക്കിടെ കാണികൾ തുള്ളിച്ചാടിയപ്പോൾ തെറിച്ചുവീണ ഫോണുകൾ ആരെങ്കിലും എടുത്തുകൊണ്ടുപോയതാകാം എന്നായിരുന്നു നിഗമനം. എന്നാൽ, മോഷണം ആസൂത്രിതമാണെന്ന് പിന്നീട് വ്യക്തമായി. ഷോയുടെ നാൽപ്പത്തഞ്ചോളം സി.സി. ടി.വി. ദൃശ്യങ്ങളടക്കം പോലീസ് ശേഷഖരിച്ചിട്ടുണ്ട്.